ശാസ്ത്ര പ്രദര്‍ശനത്തിന് തുടക്കമായി

തേഞ്ഞിപ്പലം: കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സൗജന്യ ശാസ്ത്ര പ്രദര്‍ശനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ  കോഹിനൂര്‍ കാംപസ് ഗ്രൗണ്‍ണ്‍ണ്ടില്‍ തുടക്കമായി. പ്രദര്‍ശനോദ്ഘാടനം കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എണ്‍വയോണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് നിര്‍വ്വഹിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, മില്‍മ, വയനാട് കമ്മൂനിറ്റി ആഗ്രോ ബയോ ഡൈവേഴ്‌സിറ്റി സെന്റര്‍,  തിരുവനന്തപുരത്തെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കോഴിക്കോട് റീജ്യനല്‍ സയന്‍സ് സെന്റര്‍, കോഴിക്കോട് ഐ.ഐ.എസ്.ആര്‍, കോഴിക്കോട് മെഡിക്കല്‍ കോളെജ്, സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, കുടുംബശ്രീ, കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സി.ഡബ്ള്‍.യു.ആര്‍.ഡി.എം, നാറ്റ്പാക്, പാറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കെ.എസ്.ഇ.ബി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കോട്ടക്കല്‍ ആയുര്‍വേദ കോളേജ്, കേരള ഭാഷാ ഇന്‍സിസ്റ്റ്യൂട്ട്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വനം വന്യജീവി വകുപ്പ്, കോഴിക്കോട് ഗവ ഹോമിയോ കോളേജ്, സര്‍വ്വകലാശാല കാംപസിലെ വിവിധ പഠനവിഭാഗങ്ങള്‍ തുടങ്ങി 50 പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്.

കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് വര്‍ഗീസ്, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എന്‍. ബി. നരസിംഹ പ്രസാദ്, ജനറല്‍ കണ്‍വീനര്‍ ഡോ. പി. ഹരിനാരായണന്‍, ഡോ. എബ്രഹാം ജോസഫ്, സര്‍വ്വകലാശാല രസതന്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. പി. രവീന്ദ്രന്‍, ഡോ. മാധവന്‍ കോമത്ത്, സര്‍വ്വകലാശാല ബോട്ടണി വിഭാഗം പ്രൊഫ. ഡോ. എ.കെ. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശനം ജനുവരി 31 വരെ തുടരും.

കേരളാ ശാസ്ത്ര കോണ്‍ഗ്രസ്
മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തേഞ്ഞിപ്പലം: കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന ഇരുപത്തി എട്ടാമത് കേരളാ ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് (ജനുവരി 28) കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്, ഇ.അഹമ്മദ് എം.പി, അഡ്വ: കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍.വി. നരസിംഹ പ്രസാദ്, എക്‌സി. വൈസ് പ്രസിഡന്റ് സുരേഷ് ദാസ്, മെമ്പര്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഡോ. പി. ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

‘കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ ജലസ്രോതസുകളും’ വിഷയത്തിലാണ് ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസ്. കാര്‍ഷിക ഭക്ഷ്യശാസ്ത്രം, ബയോടെക്‌നോളജി, രസതന്ത്രം, ഭൗമ ശാസ്ത്രം, സാങ്കേതിക വിദ്യ, വനം- പരിസ്ഥിതി, മത്സ്യ- മൃഗ സംരക്ഷണം, ജീവശാസ്ത്രം, ആരോഗ്യം, ഭൗതിക ശാസ്ത്രം, ഗണിതം, ശാസ്ത്ര വിദ്യാഭ്യാസം എന്നീ  വിഷയങ്ങളില്‍ പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ 169 പ്രബന്ധങ്ങളും ഗവേഷകര്‍ തയ്യാറാക്കിയ 146 ശാസ്ത്ര പോസ്റ്ററുകളുടെ പ്രദര്‍ശനവും നടക്കും.  അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനായി 57 പ്രബന്ധങ്ങളും അവതരിപ്പിക്കും.  2016 പയര്‍ വര്‍ഗങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി യുനെസ്‌കോ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് പ്രത്യേക ചര്‍ച്ചയും മലബാറിന്റെ സവിശേഷ ജൈവ വൈവിധ്യം, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചയും നടക്കും.  ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ഉന്നത ശാസ്ത്ര ഗവേഷകരുമായി സമ്പര്‍ക്ക പരിപാടിയും നടക്കും. ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ ജില്ലയിലെ 200 സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കും. ഇവര്‍ക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും അവസരമുണ്ട്.
മണ്‍മറഞ്ഞ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ. പി.കെ. അയ്യങ്കാര്‍, പി.ടി. ഭാസ്‌ക്കര പണിക്കര്‍,  ഡോ. പിഷാരടി, ഡോ. ജാനകിയമ്മാള്‍, പി.കെ. ഗോപാലകൃഷ്ണന്‍  എന്നിവരുടെ പേരിലുള്ള പ്രത്യേക പ്രഭാഷണങ്ങളും ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമാണ്. കേന്ദ്ര ആണവോര്‍ജ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. അനില്‍ കക്കോദ്കര്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, പൂനെ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് അന്തര്‍ സര്‍വകലാശാല കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. അജിത് കെ. കെംപാവി, ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. സാവിത്രി പ്രീതാ നായര്‍, ടി.ഐ.എഫ്.എ.സി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പ്രഭാത്  രജ്ഞന്‍  തുടങ്ങിയവരാണ് പ്രഭാഷണങ്ങള്‍ നടത്തുക. അധ്യാപകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി 1750 ലേറെ പേര്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *