ആര്യാടനെതിരായ ആരോപണം ലീഗ് പത്രത്തിന് വലിയ വാര്‍ത്ത

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ സരിത എസ്.നായര്‍ ഉന്നയിച്ച അഴിമതി ആരോപണം വലിയ വാര്‍ത്തയാക്കി മുസ്്‌ലിം ലീഗ് മുഖപത്രം. ചന്ദ്രിക പത്രത്തിന്റൈ ഓണ്‍ലൈന്‍ എഡിഷനാണ് ആര്യാടനെതിരായ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനിലില്ല. മറിച്ച്, സരിതയുടെ ആരോപണത്തിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണമാണ് ചന്ദ്രിക നല്‍കിയിരിക്കുന്നത്.

മുസ്്‌ലിം ലീഗിന്റെ പ്രധാന ശത്രുക്കളില്‍ ഒരാളാണ് ആര്യാടന്‍ മുഹമ്മദ്. മലപ്പുറം ജില്ലയില്‍ മുസ്്‌ലിം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ എന്നും അദ്ദേഹം ശബ്ദമുയര്‍ത്താറുണ്ട്. പാണക്കാട് കുടുംബത്തെ വരെ വിമര്‍ശിച്ചിട്ടുള്ള ആര്യാടന്‍ സ്വന്തം തട്ടകമായ നിലമ്പൂരില്‍ മുസ്്‌ലിം ലീഗ് നേതാവും വ്യവസായിയുമായ പി.വി.അബ്്ദുള്‍ വഹാബുമായും ശത്രുതയിലാണ്. ചന്ദ്രിക പത്രത്തിന്റെ ഡയരക്ടര്‍ ബോര്‍ഡ് മെമ്പറാണ് പി.വി.അബ്്ദുള്‍ വഹാബ്. ആര്യാടനെതിരെ ആരോപണം വന്നപ്പോള്‍ അതിനെ പരമാവധി പെരുപ്പിച്ചു കാട്ടുകയെന്ന ഉദ്ദേശത്തോടെയാണ് ചന്ദ്രിക വാര്‍ത്ത നല്‍കിയതെന്ന് മലപ്പുറം ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.അടുത്ത കാലത്ത് നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും പലയിടത്തും വേറിട്ട് മല്‍സരിച്ചതിന് പിന്നില്‍ ആര്യാടന്റെ മൗനാനുവാദമുണ്ടായിരുന്നു. ചന്ദ്രികയുടെ പുതിയ നീക്കം ജില്ലയില്‍ യു.ഡി.എഫ് ബന്ധം കൂടുതല്‍ വഷളാക്കിയേക്കും.

ആര്യാടന് 40 ലക്ഷം രൂപ നല്‍കിയെന്ന സരിതയുടെ ആരോപണം വാര്‍ത്തയായി നല്‍കിയ ചന്ദ്രിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച 1.9 കോടിയുടെ ആരോപണത്തെ ഗൗനിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സരിത പറയുന്നത് കേരളം വിശ്വസിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം മാത്രമാണ് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലുള്ളത്. സര്‍ക്കാരിനെയും യു.ഡി.എഫിനെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത നല്‍കാതിരുന്നതെങ്കില്‍ ആര്യാടനെതിരെയുള്ള ലീഗിന്റെ വിരോധമാണ് ചന്ദ്രിക വാര്‍ത്തയില്‍ പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *