ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലിംകളെ ‘പാകിസ്താനി’ എന്ന് വിളിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ് ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
എന്നാല്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകില്ല എന്നും ലോകസഭയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന മുത്തലാഖ് ബില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള ബില്‍ ആണെന്നും ഒവൈസി ആരോപിച്ചു.
‘പാകിസ്താനി’ പരാമര്‍ശം നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം ശിക്ഷ നല്കുന്ന തരത്തിലാവണം പുതിയ നിയമമെന്നും ഉവൈസി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഈ ആവശ്യം ഉവൈസി ലോക്സഭയില്‍ ഉന്നയിച്ചത്.
മുഹമ്മദലി ജിന്നയുടെ സിദ്ധാന്തത്തെ അവഗണിച്ചാണ് വിഭജന കാലത്ത് പല മുസ്ലിങ്ങളും ‘പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ പലപ്പോഴും മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ അന്യരായി ജീവിക്കുന്ന വികാരമാണ് ഉണ്ടാകുന്നത്. അതില്‍ മാറ്റം ഉണ്ടാകണം എന്നാണ് ഒവൈസിയുടെ ആവശ്യം.
