എഡിജിപിയുടെ മകളുടെ മര്‍ദ്ദനം: എത്ര ഉന്നതരായാലും കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം > പൊലീസ് ഡ്രൈവര്‍ക്ക് ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിയമത്തിനതീതരല്ല. സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം അതീവഗൗരവതരമാണ്. കേരളത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണം ഉദ്യോഗസ്ഥര്‍ പെരുമാറേണ്ടത്. എത്ര ഉന്നതരായാലും സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്‌പി‌ക്ക് കൈമാറി. തിരുവനന്തപുരം സിറ്റി ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ പ്രതാപനാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പരാതി നല്‍കാനെത്തിയ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യയ്‌ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഭര്‍ത്താവിന് നേരിടേണ്ടിവന്ന മാനസിക പീഡനം അടക്കമുള്ളവയെപ്പറ്റി മുഖ്യമന്ത്രിയോട് വിവരിച്ചുവെന്ന് ഗവാസ്‌കറുടെ ഭാര്യ രേഷ്‌മ മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക പീഡനവും നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് പരാതിയുമായി അധികൃതരെ കാണേണ്ടിവന്നത്. ആശുപത്രി വിട്ടാല്‍ ഉടന്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയെ കാണുമെന്നും രേഷ്‌മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *