പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. 31നകം പ്രധാന ഓപ്പറേഷന് തിയേറ്ററിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാനും ലാബ്, എക്സ്റേസി.ടി സ്കാന്‍ യൂണിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത കക്കൂസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കും. ആശുപത്രി പരിസരം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടം നിര്‍മിക്കുകയും ഇരിപ്പിടങ്ങള്‍ സജീകരിക്കുകയും ചെയ്യും. നിലവിലെ സുരക്ഷാ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സൈനികക്ഷേമ വകുപ്പുവഴി സുരക്ഷാ ജീവനക്കാരെ നിയമിക്കും. ഇവരുടെ കോണ്‍ട്രാക്ട് നവംബറില്‍ അവസാനിച്ചിരുന്നു. ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിനായി പുറംകരാര്‍ അടിസ്ഥാനത്തില്‍ വ്യക്തിയെയോ ഏതെങ്കിലും ഏജന്‍സിയെയോ നിയമിക്കും. ആശുപത്രിയില്‍ കീടനിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. ഫാര്‍മസിയില്‍ അനുഭവപ്പെടുന്ന നീണ്ട ക്യൂ കുറയ്ക്കുന്നതിനായി ഒ.പി ക്യാബിനില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇവയ്ക്കു സമീപം ഇരിപ്പിടങ്ങളും സജീകരിക്കും. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനാവശ്യമായ തുക എച്ച്.എം.സി അക്കൗണ്ടില്‍ മിച്ചമുള്ള 36 ലക്ഷത്തില്‍ നിന്ന് ചെലവഴിക്കും. 22.5 ലക്ഷം രൂപ മുതല്‍ മുടക്കി സ്ഥാപിച്ച ഡിജിറ്റല്ദന്തല് എക്സ്റേകളുടെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. ഒ.പി കാബിന്, ഇമേജ് കാബിന് എന്നിവയുടെ നിര്‍മാണത്തിനായി ജില്ലാ നിര്‍മിതി കേന്ദ്രം നല്കിയ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ഗ്രീന്‍ മെതേര്‍ഡ് കമ്പനിയുടെ അപേക്ഷയിന്മേല് ഉചിതമായ നടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനിയറെ യോഗം ചുമതലപ്പെടുത്തി. തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.റ്റി.അനിതകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ.ആര്.ശ്രീലത, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത് വിഭാഗം, എച്ച്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
