ഇസ്ലാമാബാദ്: ബാലാകോട്ടിലെ ഭീകര താവളത്തില്‍ ആക്രമിച്ച് ഭീകരരെ വധിച്ചെന്ന ഇന്ത്യയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് പാക്കിസ്ഥാന്. പാക്കിസ്ഥാനില്‍ ആരും മരിച്ചിട്ടില്ല. ഇന്ത്യ കെട്ടുകഥ മെനയുകയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
ഇന്ത്യന്‍ ആക്രമണം നടന്ന സ്ഥലത്ത് വിദേശമാധ്യമങ്ങളെ എത്തിക്കുമെന്നും ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. ഇതിനായി ഹെലികോപ്ടറുകള്‍ തയ്യാറാക്കി വച്ചിരിക്കുകയാണ്. ഇപ്പോള്‍ കാലാവസ്ഥ മോശമാണ്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്ടറുകള്‍ അവിടെ എത്തുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അതിര്‍ത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതായി പാക്കിസ്ഥാന് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ നടത്തിയത് ന്യായീകരണമില്ലാത്ത കടന്നുകയറ്റമാണ്. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന് പറഞ്ഞു. തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് ഇമ്രാന് ഖാന്റെ അനുമതി ലഭിച്ചിരുന്നു.
പാക് അസംബ്ലിയുടെ സംയുക്ത സമ്മേളനം നാളെ ചേരുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യയുടെ നടപടിയെന്നാണ് പാക്കിസ്ഥാന് ആരോപിക്കുന്നത്. പ്രതിസന്ധി നേരിടാന്‍ ജനങ്ങള്‍ തയാറാകണമെന്ന് പാക് സുരക്ഷാ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
