നിവിന്‍ പോളിക്ക് അഭിനയത്തിന്റെ പത്താം വാര്‍ഷികം

കൊച്ചി: മലയാള സിനിമയിലെ യുവതാരം നിവിന്‍പോളി അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷത്തിലേക്ക്. 2009 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നിവിന്‍ ഇതിനകം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാവുകയും ചെയ്തു.
1984 ഒക്ടോബര്‍ 11 നാണ് നിവിന്‍ പോളിയുടെ ജനനം. മാതാപിതാക്കള്‍ സ്വിറ്റ്‌സര്‍ലണ്ടിലാണ് ജോലി ചെയ്തിരുന്നത്. കേരളത്തില്‍ പഠിച്ച നിവിന്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ ശേഷം 2006 മുതല്‍ രണ്ടു വര്‍ഷം ബംഗളുരു ഇന്‍ഫോസിസില്‍ സോഫ്ട്‌വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തു. പിതാവിന്റെ മരണ ശേഷം ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. 2010 ആഗസ്റ്റ് 28 ന് സഹപാഠിയും കാമുകിയുമായ റിന്ന ജോയിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്.
നടന്‍ ദിലീപ് നിര്‍മിക്കുകയും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുകയും ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലേക്ക് താരങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള ഓഡിഷന്‍ ടെസ്റ്റാണ് നിവിന്‍ പോളിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ടെസ്റ്റില്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഉള്‍പ്പെട്ടില്ലെങ്കിലും അതില്‍ ഒരാള്‍ പിന്‍മാറിയതോടെ നിവിന് അവസരം ലഭിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് വന്‍ ഹിറ്റാവുകയും നിവിന്‍ പോളി എന്ന താരം മലയാളികളുടെ മനസില്‍ ഇടം പിടിക്കുകയും ചെയ്തു. ദി മെട്രോ,സെവന്‍സ്,ട്രാഫിക്,സ്പാനിഷ് മസാല, 1983,ഓംശാന്തി ഓശാന,ബാംഗ്ലൂര്‍ ഡേയ്‌സ്,ഒരു വടക്കന്‍ സെല്‍ഫി, ഇവിടെ, പ്രേമം,നേരം, ആക്ഷന്‍ ഹീറോ ബിജു,സഖാവ്, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഞെണ്ടുകളുടെ നാട്ടില്‍ ഒരിടവേള,ലവ്-ആക്ഷന്‍-ഡ്രാമ, മൂത്തോന്‍,കായംകുളം കൊച്ചുണ്ണി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
2014 ല്‍ സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹനായി. തുടര്‍ന്ന് ഫിലിം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ നിവിന്‍ പോളിയെ തേടിയെത്തി.
അഭിനയ ജീവിതത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയൊരു ചിത്രം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. നിവിന്‍ തന്നെ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഗാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല. സ്വന്തം നിര്‍മാണക്കമ്പനിയായ പോളി ജൂനിയര്‍ പ്രോഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. അനീഷ് രാജശേഖരന്‍ തിരക്കഥയും നവാഗതനായ റോണി മാനുവല്‍ ജോസഫ് സംവിധാനവും നിര്‍വ്വഹിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *