തിരൂരങ്ങാടി- ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ഇന്ന് (ഓഗസ്റ്റ് 5) ഓണ്‍ലൈന്‍ വഴി നടക്കും.
രാവിലെ 10.30 ന് ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന തല ക്ലാസുദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പഠനാരംഭം കുറിക്കും. വാഴ്സിറ്റിക്കു കീഴിലുള്ള ഫാത്വിമ സഹ്റാ വനിതാ കോളേജ്, മമ്പുറത്തെ സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നിവയിലേക്ക് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ പഠനാരംഭവും ഇന്ന് നടക്കും.
കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ വിവിധ സെന്ററുകളിലും സബ് സെന്ററുകളിലുമായി പ്രത്യേക നിയന്ത്രണങ്ങളോടെ നടത്തിയ പ്രവേശന പരീക്ഷയും ശേഷം നടന്ന ഫല പ്രഖ്യാപനവും പ്രവേശന നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് പഠനാരംഭം നടക്കുന്നത്. പ്രതിദിനം രണ്ട് മണിക്കൂര്‍ ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍.
വാഴ്സിറ്റിയിലെയും സംസ്ഥാനത്തെ 24 യു.ജി കോളേജുകളിലെ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തേക്ക് അപേക്ഷിച്ച 3319 വിദ്യാര്‍ത്ഥികളില്‍ 928 പേര്‍ക്കാണ് ഈ അധ്യായന വര്‍ഷം അഡ്മിഷന്‍ നല്‍കിയത്. 512 അപേക്ഷകരില്‍ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് വാഴ്സിറ്റിയുടെ വനിതാ കോളേജിലേക്കും 21 വിദ്യാര്‍ത്ഥികള്‍ക്ക് മമ്പുറത്തെ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും ഇത്തവണ പ്രവേശനം നല്‍കി.
വിവിധ സംസ്ഥാനങ്ങളിലെ കാമ്പസുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പഠനാരംഭം നടത്തും.
