ബ്രഹ്‌മഗിരി എഫ്.ടി.എം. ട്രയല്‍ റണ്ണിന് തുടക്കം

കല്‍പ്പറ്റ: കുറിച്ച്യര്‍ കലാപമുള്‍പ്പടെയുള്ള കാര്‍ഷിക സമരങ്ങള്‍ക്ക് വേദിയായ വയനാടില്‍ തുടക്കമിടുന്ന കാര്‍ഷിക ജനാധിപത്യ സംരംഭമാണ് എഫ്.ടി.എം. എന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ബ്രഹ്‌മഗിരിയുടെ ഓണ്‍ലൈന്‍ വിപണന സംവിധാനമായ എഫ്.ടി.എം.ന്റെ ട്രയല്‍ റണ്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. സാമൂഹിക സഹകരണ കാര്‍ഷിക പ്രസ്ഥാനമെന്ന നിലയ്ക്ക് ബ്രഹ്‌മഗിരി വയനാടാന്‍ കര്‍ഷക സമൂഹത്തിന്റെ സ്വന്തം സംരംഭമാണ്. കര്‍ഷകന് കമ്പോളത്തില്‍ ഇടപെടാനാകുന്നില്ല എന്ന അവസ്ഥക്ക് എഫ്.ടി.എം.ലൂടെ ബ്രഹ്‌മഗിരി അവസാനം കുറിക്കുകയാണ്. ഭൂപരിഷ്‌ക്കരണത്തിന് ശേഷം കാര്‍ഷിക കേരളം കാണാന്‍ പോകുന്ന കാര്‍ഷിക ഡിജിറ്റല്‍ വിപ്ലവമാണ് എഫ്.ടി.എം. എന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ എഫ്.ടി.എം.ന് കഴിയുമെന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്ത് ഒ.ആര്‍. കേളു എം.എല്‍.എ. പറഞ്ഞു.
കര്‍ഷകന്റെ സ്വന്തം വിപണിയെന്ന നിലയിലാണ് എഫ്.ടി.എം. പ്രവര്‍ത്തിക്കുക. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായാണ് എഫ്.ടി.എം. വയനാട്ടില്‍ നടപ്പിലാക്കുന്നത്. സ്വന്തം ഡിജിറ്റല്‍ വിപണന സംവിധാനത്തിലൂടെ കാര്‍ഷിക മേഖലയെ ആധുനികവത്ക്കരിക്കാനാണ് ബ്രഹ്‌മഗിരി ലക്ഷ്യമിടുന്നത്. ഇടനിലക്കാരില്ലാതെ പ്രാദേശിക കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിച്ച് – സംസ്‌കരിച്ച് – വിപണനം നടത്തി ലഭിക്കുന്ന മിച്ചം തിരിച്ച് കര്‍ഷകരില്‍ തന്നെ എത്തിക്കുന്നു എന്നതാണ് എഫ്.ടി.എം.ന്റെ പ്രവര്‍ത്തന രീതി. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായും എഫ്.ടി.എം. ഔട്ട്‌ലെറ്റുകളില്‍ നേരിട്ടും ഉത്പ്പന്നങ്ങള്‍ വാങ്ങാനാകും. ബ്രഹ്‌മഗിരി ഡെലിവറി എക്‌സിക്യൂട്ടിവുകള്‍ നിശ്ചിത സമയത്തിനകം ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കും.
കര്‍ഷകന്റെ ആവശ്യങ്ങള്‍ മനസിലാക്കി കാലഘട്ടത്തിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ ബ്രഹ്‌മഗിരി എക്കാലവും മാതൃകയാണെന്ന് പരിപാടിയില്‍ അധ്യക്ഷനായ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സന്‍ സനിത ജഗദീഷ് ആദ്യ ഉത്പ്പന്നം ഏറ്റുവാങ്ങി. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, രാമനാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയന്‍ പി. മേനോന്‍, കോഴിക്കോട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ഇ. സുനില്‍ കുമാര്‍, ബ്രഹ്‌മഗിരി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. ബാബുരാജ്, എഫ്.ടി.എം. ജനറല്‍ മാനേജര്‍ ഷിംന മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *