ഇന്ത്യന്‍ സിനിമകള്‍ക്കു പാക്കിസ്ഥാനില്‍ വിലക്ക്

കറാച്ചി: പാക് അധിനിവേശ കാഷ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനും ഉറി ഭീകരാക്രമണത്തിനുശേഷം പാക് നടീനടന്മാര്‍ക്ക് ഇന്ത്യന്‍ ഫിലിം അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിനും പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കും വിലക്ക്. ലാഹോര്‍ സൂപ്പര്‍ സിനിമാസാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പാക് സൈന്യത്തിനും നടീനടന്മാര്‍ക്കും പിന്തുണപ്രഖ്യാപിച്ച് ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം റദ്ദാക്കുന്നതായി പാക്കിസ്ഥാനിലെ സിനിയ ഓപ്പറേറ്റര്‍മാരില്‍ പ്രമുഖരായ സൂപ്പര്‍ സിനിമാസ് അറിയിച്ചു. വിലക്ക് എത്രകാലത്തേക്കാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ഇവര്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് മാനേജുമെന്റുകളും തങ്ങളുടെ പാത പിന്തുടരണമെന്നും സൂപ്പര്‍ സിനിമ അധികൃതര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സിനിമകളുടെ ഡിവിഡി, സിഡി തുടങ്ങിയവയുടെ വിപണനവും നിര്‍ത്തിവയ്ക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. സൂപ്പര്‍ സിനിമയ്ക്കു പിന്നാലെ കറാച്ചിയിലെ ന്യൂപ്ലെക്‌സ് സിനിമാസും ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *