മമ്മൂട്ടി വിളിച്ചു; സാറമ്മ ടീച്ചര്‍ മുഹമ്മദ് കുട്ടിയെ ഓര്‍ത്തു

78ാം പിറന്നാള്‍ദിനത്തില്‍ ക്ലബ്ബ് എഫ്.എം. ദുബായ് ആണ് ടീച്ചറും പഴയ ശിഷ്യനും തമ്മിലുള്ള ‘കേട്ടുമുട്ടലി’ന് വഴിയൊരുക്കിയത്.

മാറിപ്പോയ സാറാമ്മസാറിന് പകരം വന്ന സാറാമ്മസാര്‍ സാറാണോ സാറേ’… അങ്ങേത്തലയ്ക്കല്‍ സൂപ്പര്‍താരം മമ്മൂട്ടിയുടെ ഘനഗംഭീരമായ ശബ്ദം കാതില്‍ തേന്‍മഴയായി പൊഴിഞ്ഞപ്പോള്‍ സാറാമ്മട്ടീച്ചര്‍ക്കത് മധുരമുള്ള പിറന്നാള്‍ സമ്മാനമായി.

78-ാം പിറന്നാള്‍ദിനത്തില്‍ ക്ലബ്ബ് എഫ്.എം. ദുബായ് ആണ് ടീച്ചറും പഴയ ശിഷ്യനും തമ്മിലുള്ള ‘കേട്ടുമുട്ടലി’ന് വഴിയൊരുക്കിയത്. അതാകട്ടെ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ പഴയ സാറായ സാറാമ്മട്ടീച്ചര്‍ക്കും ഹൃദയം തൊടുന്ന അനുഭവമായി.
ഹൃദയദിനത്തിനോടനുബന്ധിച്ച് ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന ഓര്‍മയും.

മമ്മൂട്ടിയുടെ ശബ്ദം കാതില്‍ വീണതും ടീച്ചര്‍ പഴയ കുലശേഖരമംഗലം സ്‌കൂളിലെ ഓര്‍മകളിലേക്ക് പോയി. മുഹമ്മദ്കുട്ടീ എന്ന നേരിയ ശബ്ദത്തിലെ വിളിയില്‍ മമ്മൂട്ടി പഴയ സ്‌കൂളിലെ മുഹമ്മദ്കുട്ടിയുമായി.

ദുബായ് ക്ലബ് എഫ്.എം. ബുധനാഴ്ച ഒരുക്കിയ സമാഗമത്തിന് മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന്റെ കഥ കൂടിയുണ്ട്. 2013ല്‍ ഒരു പിറന്നാള്‍ദിനത്തില്‍ മമ്മൂട്ടിയാണ് കുട്ടിക്കാലത്തെ സാറായിരുന്ന സാറാമ്മട്ടീച്ചറെ അനുസ്മരിച്ചത്. ഇതിന് മറുപടിയായി മമ്മൂട്ടിയുടെ കഴിഞ്ഞ ജന്മദിനത്തില്‍ ടീച്ചര്‍ സ്വന്തം കൈപ്പടയില്‍ മമ്മൂട്ടിക്ക് ഒരു കത്തെഴുതി. ഇതിനിടയില്‍ ഒരിക്കല്‍ ദുബായ് മാതൃഭൂമി ഓഫീസിലെത്തിയ ടീച്ചറുടെ മകള്‍ നീനയാണ് ടീച്ചര്‍ക്ക് മമ്മൂട്ടിയെ ഒന്ന് കാണണമെന്ന മോഹത്തെക്കുറിച്ച് സൂചിപ്പിച്ചത്.

അത് ഓര്‍ത്തുകൊണ്ടാണ് ബുധനാഴ്ച ക്ലബ് എഫ്.എം. പ്രവര്‍ത്തകര്‍ ടീച്ചര്‍ അറിയാതെ മമ്മൂട്ടിയുമായി സംസാരിക്കാനുള്ള അവസരമൊരുക്കിയത്. നീനയുടെ സുഹൃത്തുക്കളെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ടീച്ചറെ വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്നത്.

മുഹമ്മദ്കുട്ടി ക്ലാസ്സില്‍ വളരെ നല്ല കുട്ടിയായിരുന്നുവെന്ന് ടീച്ചര്‍ തന്നെ ശിഷ്യനോട് പറഞ്ഞു. അധ്യാപകരെ വളരെയധികം ബഹുമാനിച്ച വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ്കുട്ടിയെന്ന് വാത്സല്യത്തോടെ ഓര്‍ത്തെടുത്തു. മമ്മൂട്ടിയുടെ വീടിനടുത്താണ് പേയിങ് ഗസ്റ്റായി താമസിച്ചിരുന്നതെന്ന് സാറാമ്മട്ടീച്ചര്‍. വൈകിട്ട് സ്‌കൂള്‍ വിട്ടാല്‍ ടീച്ചര്‍ക്കൊപ്പമായിരുന്നു മടക്കമെന്ന് മലയാളത്തിന്റെ പ്രിയതാരം കൂട്ടിച്ചേര്‍ത്തു.

വെളുത്ത് സുന്ദരിയായ, അത്രതന്നെ വെളുത്ത മനസ്സിനുടമയായിരുന്നു സാറാമ്മ ടീച്ചര്‍. എപ്പോഴും പുഞ്ചിരിക്കുന്ന ടീച്ചറിന്റെ ആ മുഖം ഇപ്പോഴും ഓര്‍മയില്‍ ഒളിമങ്ങാതെ നിറഞ്ഞുനില്‍പ്പുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ ഇനി ദുബായിലേക്കുള്ള വരവില്‍ ടീച്ചറെ കാണാതെ പോകില്ലെന്ന് സൂപ്പര്‍താരത്തിന്റെ ഉറപ്പ്.

ഒരിക്കലും പ്രതീക്ഷിക്കാത്ത, ഒരിക്കലും മറക്കാത്ത പിറന്നാള്‍സമ്മാനമാണിതെന്നു പറഞ്ഞാണ് ടീച്ചര്‍, ക്ലബ്ബ് എഫ്.എം. 99.6 ഒരുക്കിയ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയത്. ഏഴു വര്‍ഷമായി ദുബായില്‍ മകന്‍ അശോകിനൊപ്പമാണ് ടീച്ചറുടെ താമസം.

Leave a Reply

Your email address will not be published. Required fields are marked *