മലപ്പുറം: പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ ഇലക്‌ട്രിക് സ്കൂട്ടറിന് പിഴ ഈടാക്കി പൊല്ലാപ്പിലായി പൊലീസ്.
കഴിഞ്ഞദിവസം കരുവാരക്കുണ്ട് പൊലീസാണ് ഇലക്‌ട്രിക് സ്കൂട്ടറിന് 250 രൂപ പിഴ ഈടാക്കിയത്. പൊലീസ് പിഴ ഈടാക്കിയ രസീത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പിന്നാലെ പുകകുഴലില്ലാത്ത വണ്ടിയ്ക്ക് ഫൈന്‍ അടച്ച പൊലീസിന് ട്രോള്‍ മഴയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. പിഴവ് പറ്റിതാണെന്ന് പൊലീസ് പറയുന്നു. പിഴ രസീത് അടയ്ക്കുന്ന ഇ-പേസ് യന്ത്രത്തില്‍ ഓരോ കുറ്റത്തിനും ഓരോ നമ്ബറാണ് ഉള്ളത്. ഇതില്‍ ലൈസന്‍സ് ഹാജരാക്കിയില്ല എന്ന കുറ്റത്തിന് പിഴ ഈടാക്കാന്‍ ശ്രമിച്ചപ്പോള്‍ കോഡ് മറിപോയതാണെന്നാണ് പൊലീസ് വിശദീകരണം.
രണ്ടു നിയമലംഘനങ്ങള്‍ക്കും 250 രൂപയാണെന്നും അതിനാല്‍ മാറ്റിയടിച്ചില്ലെന്നും പൊലീസ് പറയുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസ്സിലായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു. താന്‍ ഹെല്‍മെറ്റ് വെച്ചിരുന്നില്ലെന്നും അതിന് 500 രൂപ പിഴയിടുമെന്ന് പോലീസ് അറിയിച്ചപ്പോള്‍ താഴ്മയായി പറഞ്ഞ് പിഴ 250 രൂപയാക്കി കുറയ്ക്കുകയായിരുന്നുവെന്ന് യാത്രക്കാരനും വ്യക്തമാക്കി.
രസീത് കൈയില്‍ക്കിട്ടിയപ്പോഴാണ് അതിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്. അതുകൊണ്ടാണ് സാമൂഹികമാധ്യമത്തില്‍ പിഴ രസീത് പോസ്റ്റ് ചെയ്തതെന്നും യാത്രക്കാരന്‍ വിശദീകരിച്ചു.
