മമ്പുറം ആണ്ടു നേര്‍ച്ച ജൂണ്‍ 17 മുതല്‍

മമ്പുറം (തിരൂരങ്ങാടി): ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 188 ാം ആണ്ടുനേര്‍ച്ച ജൂണ്‍ 17 ബുധനാഴ്ച മുതല്‍ 24 ബുധന്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മമ്പുറം മഖാമില്‍ വെച്ച് നടത്താന്‍ ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത ശേഷം നടക്കുന്ന 28 ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഈ വര്‍ഷം നടക്കുന്നത്.
നേര്‍ച്ചയുടെ ഭാഗമായി കൊടിയേറ്റം കൂട്ടസിയാറത്ത്, മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണങ്ങള്‍, സെമിനാര്‍, ഹിഫ്‌ള് സനദ് ദാനം, ചരിത്ര സെമിനാര്‍, മമ്പുറം തങ്ങള്‍ അനുസ്മരണ ദുആ മജ്‌ലിസ്, ഒരു ലക്ഷത്തിലേറെ പേര്‍ക്കുള്ള അന്നദാനം, സമാപന ഖത്മ് ദുആ മജ്‌ലിസ്, മൗലിദ് സദസ്, ആത്മീയ സംഗമങ്ങള്‍ തുടങ്ങിയ ശ്രദ്ധേയമായ പരിപാടികള്‍ വിവിധ ദിവസങ്ങളിലായി നേര്‍ച്ചയുടെ ഭാഗമായി നടക്കും.

മത സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.എം സൈതലവി ഹാജി പുലിക്കോട്, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, എം.സി ഹംസക്കുട്ടി ഹാജി കുണ്ടൂര്‍, കബീര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

മമ്പുറം നേര്‍ച്ച നടത്തിപ്പ് സംബന്ധിച്ച് കൂടിയാലോചനകള്‍ക്കായി മമ്പുറം മഹല്ല് ഇഹ്്‌സാസുല്‍ ഇസ്്‌ലാം സംഘത്തിന്റെയും ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിയുടെയും സംയുക്തയോഗം മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ ചേര്‍ന്നു. മമ്പുറം മഹല്ല് പ്രസിഡന്റ് കെ.എം അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി അഹ്മദ് ഹാജി, എം. ഇബ്രാഹീം ഹാജി, സയ്യിദ് ഹാശിം തങ്ങള്‍, ചാലില്‍ സിദ്ദീഖ്, വി.ടി സലാം പ്രസംഗിച്ചു. മഹല്ല് സെക്രട്ടറി എ.കെ മൊയ്തീന്‍ കുട്ടി സ്വാഗതവും മഖാം മാനേജര്‍ പി.സി സലീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *