മലപ്പുറം: പുതിയ സര്‍ക്കാരില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും എന്നാല്‍ ലീഗിന് വിദ്യാഭ്യാസ വകുപ്പ് മാറ്റി നല്‍കുന്നതില്‍ തെറ്റില്ലെന്നും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. ഈ തെരഞ്ഞെടുപ്പില്‍ ജനഹിതം വി.ഡി.സതീശനൊപ്പമാണെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മൂന്ന് പേരുകളും മുഖ്യമന്ത്രി സ്ഥാനത്തിന് ആര്‍ഹതയുള്ളവരാണെന്നും ഫസല്‍ ഗഫൂര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തിലെത്തുമ്പോള്‍ ഒരു സമുദായത്തിന്റെ മാത്രം കണക്കെടുക്കുന്ന രീതി ശരിയല്ല. ജനസംഖ്യാനുപാതികമായുള്ള മുസ്ലിം എംഎല്‍എമാര്‍ നിലവിലെ നിയമസഭയില്‍ പോലുമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോണ്‍ഗ്രസിലെ വടംവലി മോശമാണെന്നും തര്‍ക്കം നീണ്ടുപോകുന്നതും തീരുമാനം എടുക്കാന്‍ കഴിയാത്തതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരാജയമാണെന്നും ഫസല്‍ ഗഫൂര്‍ കുറ്റപ്പെടുത്തി.
വര്‍ഗീയമായല്ല, ജാതി മത ചിന്തകള്‍ക്കതീതമായി രാഷ്ട്രീയത്തിലൂന്നിയതാണ് തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിലെ തോല്‍വി സര്‍ക്കാരിന്റെ വിലയിരുത്തലാണ്, സാമുദായിക ഏകീകരണമല്ല, എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യുകയാണ് ഉണ്ടായത്.
സിപിഎം മന്ത്രി സഭയില്‍ മുസ്ലിം മന്ത്രിമാര്‍ കുറവായിരുന്നു. നായര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ കൂടുതലുണ്ടായിരുന്നു. അതിനെ ആരും ചോദ്യം ചെയ്തിരുന്നില്ല. അതുപോലെ മുസ്ലിം ലീഗിന് മന്ത്രിമാരുടെ എണ്ണം കൂടുന്നതും എതിര്‍ക്കേണ്ടതില്ല. വെള്ളാപ്പള്ളിക്ക് ഒരു വോട്ട്ബാങ്കുമില്ലെന്നും ഇടക്കിടെ
വാക്ക് മാറ്റുകയും വിവിധ മുസ്ലിം ക്രിസ്ത്യന്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കെതിരെ വര്‍ഗീയ വിഷം പ്രയോഗിച്ച് അജണ്ടയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ പൊക്കിക്കൊണ്ട് നടക്കേണ്ട ആവശ്യമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പ്രത്യേക മാനദണ്ഡങ്ങളില്ല, ആര്‍ക്കും മുഖ്യമന്ത്രിയാകാം. തെരഞ്ഞെടുപ്പ് യുദ്ധം നയിച്ചത് വി.ഡി. സതീശനാണ്. അത് തുടങ്ങിവച്ചത് രമേശ് ചെന്നിത്തലയാണ്. തെരഞ്ഞെടുപ്പുകളെ നിയന്ത്രിച്ചത് കെ.സി. വേണുഗോപാലാണ്. ഇവരില്‍ ആര് മുഖ്യമന്ത്രിയായാലും കുഴപ്പമില്ല. എല്ലാവരോടും സമ അടുപ്പമാണ്. അധികാരത്തിലിരുന്ന ശേഷം പ്രതിപക്ഷ നേതാവായിരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇത്രയും വലിയ തോല്‍വിക്കുശേഷം താനായിരുന്നെങ്കില്‍ ആ സ്ഥാനം ഏറ്റെടുക്കുമായിരുന്നില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
നിലവിലെ ഭരണമാറ്റം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറിയാണ് കേരളത്തെ നയിച്ചിട്ടുള്ളത്. തുടര്‍ഭരണം അപൂര്‍വമാണ്. 2006ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ ഉള്‍പ്പെടെ ലീഗ് നേരിട്ട പരാജയമാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ബിജെപി മുന്നേറുന്നത്. ആ വളര്‍ച്ച നല്ലതിനാണോ അല്ലയോയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എംഇഎസ് ജനറല്‍ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍, ട്രഷറര്‍ ഒ.സി. സലാവുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
