വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്ര ചിന്തയും നവീന ആശയങ്ങളും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇനൊവേഷന്‍ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 12ന് പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായി ഇനൊവേഷന്‍ മേള സംഘടിപ്പിക്കാനും ഇനൊവേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പ്രോബ്ലംഫെയര്‍, സൊല്യൂഷന്‍ഫെയര്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് മേള നടക്കുക. ആദ്യഘട്ടത്തില്‍ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കും.
ഒരു മാസത്തിനു ശേഷം ഇവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുള്ള മേളയും നടക്കും. ഇനൊവേഷന്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിനായി ജില്ലയിലെ 257 വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. 24 കോളജുകള്‍, 28 വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, 181 ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, എട്ട് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 12 ഹൈസ്‌കൂളുകള്‍, നാല് മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലാണ് ക്ലബ്ബുകള്‍ രൂപീകരിക്കുക. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാച്വര്‍ ക്ലബ്ബ്, സയന്‍സ് ക്ലബ്, മാത്തമാറ്റിക്‌സ് ക്ലബ്, സ്റ്റുഡന്റ്‌സ് പോലീസ് ക്ലബ്, അഗ്രിക്കള്‍ച്ചര്‍ ക്ലബ് തുടങ്ങിയവയില്‍ നിന്ന് മികച്ച വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ഇനൊവേഷന്‍ ക്ലബ്ബുകള്‍ രൂപീകരിക്കുക. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി 10 മുതല്‍ 15 വരെ വിദ്യാര്‍ഥികള്‍ അംഗങ്ങളായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുണ്ടാക്കും. ഇനൊവേഷന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഈ വിഷയത്തില്‍ കഴിവും താല്‍പര്യവുമുള്ള ഒരു അധ്യാപക പ്രതിനിധിയുമുണ്ടാവും.
ക്ലബ് അംഗങ്ങളുടെ പേരു വിവരങ്ങള്‍ സ്ഥാപനമേധാവികള്‍ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് dpokozhikode@gmail.com വഴി അയക്കണം. 12നു നടക്കുന്ന പ്രോബ്ലം ഫെയറില്‍ അവതരിപ്പിക്കുന്നതിന് ഓരോ ക്ലബ്ബും ഏതെങ്കിലും രണ്ട് സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി നൂറു വാക്കില്‍ കുറഞ്ഞ വിവരണത്തോടെ ജനുവരി ഏഴിനു മുമ്പായി പ്ലാനിംഗ് ഓഫീസിലേക്ക് ഇമെയില്‍ അയക്കുന്നതോടൊപ്പം www.kozhikode.nic.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. ഇവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 25 പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളാണ് ഫെബ്രുവരിയില്‍ നടക്കുന്ന സൊല്യൂഷന്‍ മേളയില്‍ അവതരിപ്പിക്കുക. വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതോടൊപ്പം വേറിട്ട വഴികളിലൂടെ അവയ്ക്ക് പരിഹാരം കാണാനുള്ള കഴിവ് വളര്‍ത്തിയെടുക്കുകയാണ് ഇനൊവേഷന്‍ മേളകളിലൂടെ ലക്ഷ്യമിടുന്നത
