തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പുകവലിക്കെതിരായ ബോധവത്ക്കരണ പരിപാടി ക്യാച്ച് (ക്രുസേഡ് എഗേന്‍സ്റ്റ് ടുബാക്കോ കണ്‍സപ്ഷന്‍ ഇന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) സംഘടിപ്പിക്കുന്നു. പുകവലിക്കാരില്‍ എണ്‍പത് ശതമാനം പേരും പതിനെട്ട് വയസിനു മുമ്പ് പുകവലി ആരംഭിക്കുന്നതായും നഗരപ്രദേശങ്ങളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ കുട്ടികളില്‍ ഉയര്‍ന്ന തോതില്‍ പുകയില ഉപയോഗിക്കുന്നതായും നാഷണല്‍ സാംപിള്‍ സര്‍വെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബോധവത്കരണ പരിപാടി.
തീരപ്രദേശങ്ങളിലെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ പുകയിലയുടെ ദൂഷ്യ വശങ്ങളെപ്പറ്റി ബോധവത്കരിക്കുക, കുട്ടികളിലെ പുകയില ഉപയോഗരീതി, പ്രേരണാ ഘടകങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ വേണ്ട സത്വര നടപടികള്‍ എന്നിവയാണ് പ്രോജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ പദ്ധതി പൈലറ്റ് പ്രോഗ്രമായി ആരംഭിക്കുന്നത്. തുടര്‍ന്ന് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഓരോ ജില്ലയിലും ഉള്ള എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ആര്‍.സി.സി.യിലെ കാന്‍സര്‍ ശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോ. പി.ബി. ബാലഗോപാല്‍ സമര്‍പ്പിച്ച പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് ബോധവത്ക്കരണ പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്.
