നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: മദ്യ ലഹരിയില്‍ കൊച്ചിയിലെ പ്രമുഖ ബാറില്‍ അഴിഞ്ഞാടുകയും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് മഹാ സുബൈര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആക്രമിക്കുകയും ചെയ്ത കേസില്‍ എറണാകുളം സ്വദേശികളായ നാല് യുവാക്കള്‍ പിടിയില്‍. വരാപ്പുഴ സ്വദേശി ആന്റണി (24), എസ്.ആര്‍.എം റോഡ് സ്വദേശി മുഹമ്മദ് ഹിഷാം (24), മാമംഗലം സ്വദേശി കാള്‍ട്ടന്‍ പാറമേല്‍ (25), അയ്യപ്പന്‍കാവ് സ്വദേശി സെഡ്രിക് മെന്റസ് (22) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ പന്ത്രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നും ഇവരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരും കൊച്ചിയിലെ പല ഉന്നതരുടേയും മക്കളുമാണെന്നും എറണാകുളം നോര്‍ത്ത് സി.ഐ പറഞ്ഞു.

മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഉടന്‍ തന്നെ ഇവരും പിടിയിലാകുമെന്ന് നോര്‍ത്ത് എസ്.ഐ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ടര വരെ ഈ യുവാക്കള്‍ തമ്മനംപുല്ലേപ്പടി റോഡിലെ ഇടശ്ശേരി മാന്‍ഷന്‍ ഹോട്ടലിനോട് ചേര്‍ന്നുള്ള ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറില്‍ കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പന്ത്രണ്ടംഗ സംഘം ഈ സമയത്തിനുള്ളില്‍ 40 കുപ്പി ബിയര്‍ അകത്താക്കിയിരുന്നു. തുടര്‍ന്ന് പത്തു മണിയോടെ യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിന്നീട് ഉന്തും തള്ളുമുണ്ടാകുകയും ചെയ്തിരുന്നു. സെക്യൂരിറ്റിയോടും ഇതിനിടയില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ജയറാം നായകനായ ആകാശമിഠായി എന്ന സിനിമയുടെ പ്രവര്‍ത്തകര്‍ ഇതേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടല്‍ കോംപൗണ്ടില്‍ ഫോണില്‍ സംസാരിച്ച് നിന്നിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ഫോണില്‍ പൊലീസിനെ വിളിച്ചുവരുത്തുകയാണെന്ന് തെറ്രിദ്ധരിച്ച് സംഘം അദ്ദേഹത്തേയും കയ്യേറ്റം ചെയ്തു.

ഇതു കണ്ടു പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് നിര്‍മ്മാതാവ് മഹാ സുബൈറിന് നേരെ അക്രമണമുണ്ടായത്. നോ പാര്‍ക്കിംഗ് ബോര്‍ഡ് ഉപയോഗിച്ചാണ് അക്രമിസംഘം നിര്‍മ്മാതാവിന്റെ തലയ്ക്ക് അടിച്ചത്. ഭാഗ്യം കൊണ്ടാണ് ചെവിയ്ക്ക് പിറകില്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്. മര്‍ദ്ദനത്തില്‍ ക്ഷതമേല്‍ക്കുകയും ചെവിയ്ക്ക് പിറകില്‍ മുറിവേല്‍ക്കുകയും ചെയ്ത മഹാ സുബൈറിനേയും തലയ്ക്ക് മാരകമായി ക്ഷതമേറ്റ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രകാശനേയും ഇന്നലെ രാത്രി തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈറിന്റെ ചെവിയ്ക്ക് പുറകില്‍ പ്ലാസ്റ്റിക്ക് സര്‍ജന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.

മിക്കവാറും നാളെയോടെ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിവരമറിഞ്ഞ് നടന്‍മാരായ ജയറാം, രഞ്ജി പണിക്കര്‍, ആസിഫലി, മണിയന്‍പിള്ള രാജു, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റ സുബൈറിനെ സന്ദര്‍ശിച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് ആശുപത്രിയിലെത്തി സുബൈറില്‍ നിന്ന് നേരിട്ട് മൊഴിയെടുത്തു. രാവിലെ മുതല്‍ ഇവിടെ ജയറാം നായകനായ ആകാശമിഠായി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രം മഹാ സുബൈറാണ് നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *