ഡോംബിവിലി: ഏഴാംക്ലാസ് മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള വ്യാജ ഡോക്ടര്‍ എടുത്തത് 30 ലേറെ പ്രസവങ്ങള്‍. സംഭവത്തില്‍ കുറ്റക്കാരായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. മാന്‍പാഡ സായ്ബാബ നഴ്‌സിങ് ഹോം നടത്തിവന്ന ബൈഗന്‍വാഡി നിവാസികളായ അനിത പോപ്പട്ട് സാവന്ത് (50), ഭര്‍ത്താവ് പത്താം ക്ലാസ് തോറ്റ മുഹമ്മദ് ശഹീദ് കശ്മിരി എന്നിവരാണ് പിടിയിലായത്.
ഇവര്‍ കഴിഞ്ഞ ഒരുവര്‍ഷമായി നഴ്‌സിംഗ് ഹോം നടത്തിവരുന്നു. അതേസമയം ഇവര്‍ക്കു കൂട്ടുനിന്നിരുന്ന ആശുപത്രി ജീവനക്കാരനും സഹായിയുമായിരുന്ന മുഹമ്മദ് ഒളിവിലാണ്. അനിതയെ മാര്‍ച്ച് 30ന് ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രസവത്തില്‍ സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് 2014ല്‍ ഇവര്‍ക്കെതിരെ ശിവാജി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടായിരുന്നു.നേരത്തേ നഴ്‌സ് ആയി ജോലി ചെയ്ത പരിചയം വച്ചാണ് തങ്ങള്‍ ആശുപത്രി നടത്തിയതെന്ന് ദമ്പതികള്‍ പറയുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ മറ്റു ഡോക്ടര്‍മാരെ ഫോണ്‍ ചെയ്തു ആശുപത്രിയില്‍ വരുത്തിയിരുന്നു. രോഗികളെ പരിശോധിക്കുമെങ്കിലും ഇംഗ്ലീഷില്‍ മരുന്നു കുറിക്കാന്‍ അനിതയ്ക്ക് അറിയുമായിരുന്നില്ല. മുഹമ്മദാണു മരുന്നു കുറിച്ചിരുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഡെല്‍ഹിയില്‍നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് മുംബൈ കോളജില്‍ നിന്നുമാണ് അനിത സംഘടിപ്പിച്ചത്. അതേസമയം ഇവര്‍ വ്യാജ വിദ്യാഭ്യാസ രേഖകള്‍ എങ്ങനെ സംഘടിപ്പിച്ചെന്നും രജിസ്റ്റര്‍ ചെയ്യാത്ത ആശുപത്രിക്കാര്‍ ഫോണ്‍ ചെയ്യുമ്പോള്‍ എത്തിയിരുന്ന ഡോക്ടര്‍മാര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.
ഓപ്പറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം, സ്‌പെഷല്‍ വാര്‍ഡുകള്‍ അടക്കം നൂറിലേറെ കിടക്കകളുള്ള ആശുപത്രിയില്‍ പോലീസ പ രിശോധനയ്‌ക്കെത്തിയപ്പോള്‍ ഗര്‍ഭിണികളടക്കം ധാരാളം രോഗികളുണ്ടായിരുന്നു. ഇവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റി. അനിതയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അതേസമയം, ഇവരുടെ ആശുപത്രിക്കെതിരെ ആരും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടെന്ന സംശയത്തിലാണ് പോലീസ്.
