ന്യൂഡല്‍ഹി: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജാള്യത മറക്കാനാണ് പ്രതിഷേധങ്ങള്‍ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് ഡല്‍ഹിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചന നടത്തിയെന്ന വാദം ആരും അംഗീകരിക്കില്ലെന്നും സ്വന്തം മകന്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖവുമായി ഡി.ജി.പി ഓഫീസില്‍ പോയ ഒരമ്മക്ക് നേരയുണ്ടായ ക്രൂരമായ മര്‍ദനം എങ്ങനെ ഗൂഢാലോചനയായി മാറിയെന്ന് തനിക്കറിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിനും സര്‍ക്കാരിനും വീഴ്ച പറ്റിയാല്‍ ഇത്തരത്തിലുള്ള ഒരു കഥയുണ്ടാക്കും. അത് എപ്പോഴും അങ്ങനെയാണ്. ഞങ്ങളാരും സമരം ഏറ്റെടുത്തിട്ടില്ല. ഒരമ്മക്ക് നേരിടേണ്ടി വന്ന മര്‍ദനത്തിനും അപമാനത്തിനുമെതിരെ സ്വഭാവികമായുണ്ടാകുന്ന വികാരം മാത്രമാണ് യു.ഡി.എഫ് ഏറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.
