ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. സൗദി പ്രസ് ഏജന്‍സിയും വാര്‍ത്ത സ്ഥിരീകരിച്ചതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത് ബന്ധം വിച്ഛേദിച്ചതായി സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മിക്ക ജി.സി.സി രാഷ്ട്രങ്ങളും ബന്ധം വിച്ഛേദിച്ചതോടെ അറബ് ലോകത്ത് ഖത്തര്‍ ഒറ്റപ്പെട്ടു.
ബഹ്‌റൈനിലെ സുസ്ഥിരതയെയും സുരക്ഷയെയും അസ്ഥിരപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തില്‍’ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇറാനുമായി ബന്ധമുള്ള തീവ്രവാദി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി തങ്ങളുടെ രാജ്യത്ത് ഖത്തര്‍ അസ്ഥിരത സൃഷ്ടിക്കുകയാണ് എന്നാണ് ബഹ്‌റൈന്റെ ആരോപണം. ഖത്തര്‍ പൗരന്മാരോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 14 ദിവസം അനുവദിച്ചു. 48 മണിക്കൂറിനകം രാജ്യം വിട്ടു പോകാനാണ് നയതന്ത്ര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലെങ്കില്‍ പുറത്താക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഖത്തറുമായുള്ള വ്യോമകടല്‍ അതിര്‍ത്തിയെല്ലാം ബഹ്‌റൈന്‍ അടച്ചു.
1936 മുതല്‍ ഹവാര്‍ ദ്വീപുകള്‍, അല്‍ ജദാറ, സുബാറ, ഫഷ്ത് ദിബാല്‍, ഫഷ്ത് അല്‍ അസം എന്നീ പ്രദേശങ്ങളെ ചൊല്ലി ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ തര്‍ക്കങ്ങളുണ്ട്. തങ്ങളുടെ ഭൂമി ഖത്തര്‍ അവകാശപ്പെടുന്നു എന്ന് ആരോപിച്ച് 1996ലെ ജി.സി.സി ഉച്ചകോടി ബഹ്‌റൈന്‍ ബഹിഷ്‌കരിച്ചിരുന്നു.
മുസ്‌ലിംബ്രദര്‍ഹുഡിനെ സഹായിക്കുന്നതിനെതിരെ ഈജിപ്ത്
ഈജിപ്ത് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതു കൊണ്ടും ഭീകര സംഘടകളെ സഹായിക്കുന്നതു കൊണ്ടുമാണ് ഈ തീരുമാനമെടുക്കേണ്ടി വന്നതെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മുസ്്‌ലിം ബ്രദര്‍ ഹുഡിനെ ഖത്തര്‍ സഹായിക്കുന്നു എന്നതാണ് ഈജിപ്തിന്റെ ആരോപണം. സൗദി വിദേശകാര്യമന്ത്രി അദല്‍ അല്‍ ജുബൈര്‍ ഇപ്പോള്‍ ഈജിപ്തിലുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഈജിപ്ത് വിദേശകാര്യമന്ത്രി സമെഹ് ഷൗകരിയുമായി ഇദ്ദേഹം ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. അല്‍ഖായിദയുടെ തത്വശാസ്ത്രത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നതായും സീനായില്‍ ഐ.എസിന് പിന്തുണ നല്‍കുന്നതായും ഈജിപ്ത കുറ്റപ്പെടുത്തി. ഖത്തറുമായുള്ള കടല്‍വ്യോമ അതിര്‍ത്തി അടയ്ക്കുന്നതായും ഭരണകൂടം പ്രഖ്യാപിച്ചു.
48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് യു.എ.ഇ ആവശ്യപ്പെട്ടു. ഖത്തറികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും തല്‍ക്കാലം നിരോധിച്ചിട്ടുണ്ട്. 14 ദിവസത്തിനകം ഖത്തറികളോട് രാജ്യം വിടാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ആവശ്യമായ മുന്‍ കരുതല്‍ എടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറുമായുള്ള എല്ലാ അതിര്‍ത്തിയും 24 മണിക്കൂറിനകം അടയ്ക്കുമെന്നും ട്വിറ്ററില്‍ യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
തങ്ങളുടെ ഭരണാധികാരി (അമീര്‍) തമീം ബിന്‍ ഹമദ് അല്‍ഥാനിയെ തീവ്രവാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നവനായി ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു എന്ന് ഈയിടെ ഖത്തര്‍ പരാതിപ്പെട്ടിരുന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്താണ് അത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്നും ഖത്തര്‍ ആരോപിച്ചിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് പദത്തില്‍ കാലാവധി തികയ്ക്കില്ലെന്നും അദ്ദേഹത്തിന്റെ പേരില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവങ്ങളോട് ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
