ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ ഒമ്പതിനായിരം കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യപാക് ക്രിക്കറ്റ് മത്സരം കാണാനായി ബര്‍മിങ്ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍. സുപ്രീംകോടതിയടക്കം വാറണ്ട് പുറപ്പെടുവിച്ച പ്രതിയാണ് ഒരു കൂസലുമില്ലാതെ പതിവു കൂളിങ് ഗ്ലാസും തൂവെള്ള കോട്ടും ധരിച്ച് വി.ഐ.പി ഗാലറിയില്‍ കളിയാസ്വദിക്കാനെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കറുമായി മല്യ സംസാരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. റിപ്പബ്ലിക് ടി.വിയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
6963 കോടി രൂപയുടെ വായ്പയും പലിശയും തിരിച്ചടയ്ക്കാതെ കവിഞ്ഞ വര്‍ഷമാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ കൂടിയായ മദ്യവ്യവസായി ലണ്ടനിലേക്ക് രക്ഷപ്പെട്ടത്. 2016 നവംബറില്‍ കള്ളപ്പണ നിരോധന നിയമപ്രകാരം ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന്റെ അപേക്ഷ പ്രകാരം ഏപ്രില്‍ 18ന് മല്യയെ സ്കോട്ലാന്ഡ് യാര്‍ഡ് പൊലീസ് അറസ്റ്റു ചെയ്തിരുന്നെങ്കിലും അന്നു തന്നെ വിട്ടയക്കുകയായിരുന്നു. നേരത്തെ കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം മല്യയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നല്‍കിയിരുന്നു.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കിങ്ഫിഷറാണ് സ്പോണ്സര് ചെയ്യുന്നത്. ഫോര്‍മുല വണ്ണില്‍ ഫോഴ്സ് ഇന്ത്യയുടെ സഹ ഉടമയുമാണ് മല്യ. ഇന്ത്യയില്‍ തിരികെയെത്തി വിചാരണ നേരിടണമെന്ന വിവിധ കോടതികളുടെ ആവശ്യങ്ങള്‍ക്ക് ഇതുവരെ മല്യ ചെവികൊടുക്കാത്ത സാഹചര്യത്തില്‍ ഈ ‘പ്രത്യക്ഷപ്പെടല്‍’ രാജ്യത്ത് കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരി തെളിക്കും.
മല്യയെ ഇന്ത്യയിലേക്ക് വിട്ടു കിട്ടണമെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ കോടതി എക്ട്രാഡിഷന്‍ (അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്മെന്റിന് തിരിയെ ഏല്പിച്ചുകൊടുക്കല്) വാറണ്ട് പുറപ്പെടുവിക്കണം. പിന്നീട് സി.ബി.ഐ വഴി അത് വിദേശകാര്യമന്ത്രാലയത്തിലും അവിടെ നിന്ന് യു.കെ ആഭ്യന്തര വകുപ്പിലുമെത്തണം. യു.കെ ആഭ്യന്തര വകുപ്പ് അത് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും. പ്രതിയെ വിട്ടു നല്‍കണോ എന്ന് തീരുമാനിക്കുന്നത് മജിസ്ട്രേറ്റ് കോടതിയാണ്.
വിധി എതിരായാല്‍ അതിനെതിരെ യു.കെ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും അപ്പീലുമായി സമീപിക്കാം. എന്നാല്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള മല്യയുടെ എക്സ്ട്രാഡിഷന്‍ എളുപ്പത്തില്‍ സാധ്യമല്ല. 1992 ല്‍ എക്സ്ട്രഡീഷന്‍ കരാര്‍ ഒപ്പ് വെച്ച ശേഷം വെറും ഒരു ആളെ മാത്രമേ ബ്രിട്ടണ് ഇന്ത്യക്ക് വിട്ടു കൊടുത്തിട്ടുള്ളു.
