കല്‍പ്പറ്റ: ചെമ്പ്ര എസ്റ്റേറ്റ് സമരം ഒത്തുതീര്‍ന്നു. തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴ് മാസമായി അടഞ്ഞുകിടക്കുന്ന എസ്റ്റേറ്റ് തുറക്കാന്‍ തീരുമാനമായത്. ഇതുപ്രകാരം 19 മുതല്‍ എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എയും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.ചര്‍ച്ചയുടെ തീരുമാനപ്രകാരം 2016 ഒക്ടോബറിലെ ശമ്പളക്കുടിശ്ശിക എസ്റ്റേറ്റ് തുറക്കുന്ന 19ന് നല്‍കും.
അടുത്ത മൂന്ന് മാസം വരെ ആഴ്ചയില്‍ നാല് ദിവസം മാത്രമായിരിക്കും ജോലി നല്‍കുക. മുന്‍ വര്‍ഷത്തെ ബോണസ് 25ന് മുമ്പ് വിതരണം ചെയ്യും. എസ്റ്റേറ്റിലെ മറ്റ് വിഷയങ്ങള്‍ 12ന് സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
ഒക്ടോബര്‍ 26നാണ് ചെമ്പ്ര എസ്റ്റേറ്റ് പൊടുന്നനെ ലോക്കൌട്ട് ചെയ്തതായി മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. ഇതിനായി ഉന്നയിച്ച ആരോപണങ്ങളെ പൂര്‍ണമായും തൊഴിലാളികള്‍ തള്ളിക്കളഞ്ഞിരുന്നു.
300ഓളം തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട ലോക്കൌട്ട് പിന്‍വലിക്കണമെന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെട്ടുവെങ്കിലും ഉടമകള്‍ ചെവിക്കൊണ്ടില്ല. അതോടെ ട്രേഡ്യൂണിയനുകള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങി. തൊഴിലാളികളെ സഹായിക്കാന്‍ പി ഗഗാറിന്റെയും പി കെ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ സമരസഹായസമിതിയും രൂപീകരിച്ചു. എസ്റ്റേറ്റിലെ തേയില പറിച്ചുവിറ്റാണ് തൊഴിലാളികള്‍ പട്ടിണിയില്ലാതെ ജീവിച്ചുപോന്നത്. മുമ്പ് നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഉടമകള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് തുറക്കുന്നത് നീളുകയായിരുന്നു.
ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി ഗഗാറിന്‍, കെ സെയ്തലവി, സി പ്രഭാകരന്‍, പി കെ അനില്‍കുമാര്‍, പി പി എ കരീം, വേണുഗോപാല്‍, പി കെ മുരളീധരന്‍, എന്‍ ഒ ദേവസി, ടി എ മുഹമ്മദ്, കെ വിനോദ്, എന്‍ ഡി സാബു എന്നിവരും ഉടമയെ പ്രതിനിധീകരിച്ച് അഡ്വ. അന്‍വര്‍, മാച്ചയ്യ, ഹമീദ് എന്നിവരും പങ്കെടുത്തു.
