റിയാദ്: രാജ്യത്തെ പൗരന്മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഖത്തര്‍ എയര്‍വെയ്സിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ന്യായീകരിച്ച് സൗദി അറേബ്യ.
സൗദിയും യു എ ഇയും ബഹ്റൈനും വ്യോമാതിര്‍ത്തി അടച്ചത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവിന്റെ വാദത്തോടുള്ള മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്.
യു എ ഇയും ബഹ്റൈനും സമാന പ്രസ്താവനയാണു പുറത്തുവിട്ടിരിക്കുന്നത്.
സിവില്‍ വിമാനങ്ങള്‍ക്കു വ്യോമാതിര്‍ത്തി വിലക്കുന്നതിനെതിരെ ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ ബേക്കര്‍ യുഎന്‍ സംഘടനയായ രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ സമീപിച്ചിരുന്നു.
ഷിക്കാഗോ കണ്‍വെന്‍ഷനും വിരുദ്ധമായ നടപടിയാണ് വിലക്കിലൂടെ വന്നതെന്നാണ് അല്‍ ബേക്കറിന്റെ വാദം.
എന്നാല്‍ ഷിക്കാഗോ കണ്‍വെന്‍ഷനോട് പൂര്‍ണമായി യോജിക്കുന്നെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കേണ്ടതുണ്ടെന്നും യുഎഇ വ്യക്തമാക്കി.
ഖത്തര്‍ വഴിയുള്ള മറ്റു സ്വകാര്യ, ചാര്‍ട്ടേട് വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി കടക്കണമെങ്കില്‍ 24 മണിക്കൂര്‍ മുന്‍പേ നോട്ടിസ് നല്‍കണമെന്നും യുഎഇയും സൗദിയും ബഹ്റൈനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതില്‍ യാത്രക്കാരുടെ പേരും വിവരങ്ങളും കാര്‍ഗോ വിവരങ്ങളും ഉള്‍പ്പെടുത്തണം.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്നു എന്നാരോപിച്ച് ബഹ്റിന്, ഈജിപ്ത്, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു.
