കോഴിക്കോട്: കോഴിക്കോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്ഷകന് തൂങ്ങിമരിച്ചു. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്ബനോട് വില്ലേജില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്ബനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ(ജോയ്)(57) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്നും നികുതി സ്വീകരിച്ചത്.
ഇപ്പോള്‍ ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ നികുതി സ്വീകരിക്കുന്നില്ലെന്ന് പറയുന്നു. നികുതി അടയ്ക്കാന്‍ ചെല്ലുമ്ബോള് പുതിയ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുളള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പീഡനമാണ് ജോയിയുടെ മരണത്തിന് കാരണമെന്ന് സഹോദരന് ആരോപിച്ചു. വില്ലേജ് ഓഫിസര്‍ക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ കബളിപ്പിക്കുകയായിരുന്നുവെന്നും ഇതിലുളള മാനസികസമ്മര്‍ദ്ദം മൂലമാണ് ജോയ് ആത്മഹത്യ ചെയ്തതെന്നും സഹോദരന് ജോസ് പറഞ്ഞു.
അതിനിടെ കര്‍ഷകന്റെ മൃതദേഹം വില്ലേജ് ഓഫിസിന് മുന്നില്‍ നിന്നും നീക്കം ചെയ്യാനുളള പൊലീസ് ശ്രമം പ്രതിഷേധത്തിനിടയാക്കി. കളക്ടറോ, തഹസില്‍ദാറോ എത്താതെ മൃതദേഹം നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങി. കുടുംബത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട ചില അവകാശ പ്രശ്നങ്ങളാണ് നികുതി സ്വീകരിക്കാത്തതിന് പിന്നിലെന്നാണ് അറിയുന്നത്. കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്ന് ജില്ലാ കളക്ടറോട് റവന്യുമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെങ്കില്‍ നടപടി ഉണ്ടാകുമെന്നും സംഭവം ഗൗരവമേറിയതാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരന് വ്യക്തമാക്കി.
