ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ വലിപ്പം കുറഞ്ഞു; പക്ഷേ കടി കൂടി

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ വലിപ്പം കുഞ്ഞതായി കണ്ടെത്തി. ഈഡിസ് ഈജിപ്തി കൊതുകിന്റെ വലുപ്പം ഒന്നര മില്ലിമീറ്റര്‍ വരെയാണ് കുറഞ്ഞത്. പക്ഷേ വലിപ്പം കുറഞ്ഞെങ്കിലും കൊതുകിന്റെ കടി കൂടുകയാണ് ചെയ്തത്. ഒരു ദിവസം ഏഴുപേരെ വരെ ഇപ്പോള്‍ കൊതുക് കടിക്കുന്നതായാണ് കണ്ടെത്തല്‍.

കേരളം പനിച്ചുവിറക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഇത്തവണ പനി ബാധിച്ചതായാണ് കണക്കുകള്‍. ഈഡിസ് കൊതുകിന്റെ കരുത്ത് വര്‍ദ്ധിച്ചതാണ് ഇത്തവണ പനി കൂടുതല്‍ പേരിലേക്ക് പകരാന്‍ കാരണമായതെന്നാണ് ദേശീയ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം അധികൃതരുടെ നിഗമനം.

കാലാവസ്ഥാ വ്യതിയാനമാണ് കൊതുകിന്റെ വലിപ്പം കുറയാനും കരുത്തുറ്റതാകാനും കാരണമായത്. കൊടും വരള്‍ച്ചയില്‍ ഇവയുടെ മുട്ടകള്‍ നശിക്കുന്ന അവസ്ഥ എത്തിയിരുന്നു. എന്നാല്‍ ഇടയ്ക്കു പെയ്ത വേനല്‍ ചാറ്റല്‍ മഴയില്‍ മുട്ടകള്‍ വിരിയുകയായിരുന്നു. ജൈവപരമായ മുഴുവന്‍ പ്രവര്‍ത്തനവും വെള്ളത്തില്‍ പൂര്‍ത്തിയാകാത്തതാകാം കൊതുകിന്റെ ഈ മാറ്റത്തിനു കാരണമെന്നാണ് കരുതുന്നത്. മൂന്നു മില്ലിമീറ്ററിലധികം വലിപ്പം ഈഡിസ് കൊതുകിനുണ്ടായിരുന്നു. പരമാവധി നാലു പേരെയുമാണ് ഈ കൊതുകുകള്‍ കടിച്ചിരുന്നത്. ഈ കൊതുകാണ് ഇപ്പോള്‍ വലിപ്പം കുറഞ്ഞ് കരുത്തുകൂടി വില്ലനായിരിക്കുന്നത്. ഇതോടെ കേരളത്തില്‍ പനി പിടിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് റിപോര്‍ട്ടുകള്‍ .

Leave a Reply

Your email address will not be published. Required fields are marked *