കുരുക്ക് മുറുകും, ദിലീപ് രണ്ടാം പ്രതിയാകും

കൊച്ചി: നടിയെ ആക്രമിച്ചതിന് അറസ്റ്റിലായ നടന്‍ ദിലീപിനെ കേസിലെ രണ്ടാം പ്രതിയാക്കും. ഇപ്പോള്‍ പതിനൊന്നാം പ്രതിസ്ഥാനത്തുള്ള ദിലീപിനെ കുറ്റപത്രം സമര്‍പ്പിക്കുമ്‌ബോള്‍ രണ്ടാം പ്രതിയാക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലുള്ള പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്റെ അഡ്വാന്‍സ് എന്ന രീതിയില്‍ പള്‍സര്‍ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപ നല്‍കിയത് ദിലീപിന്റെ ഉറ്റബന്ധുവാണെന്നു പൊലീസ് കണ്ടെത്തി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി. സുനിയുടെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണിതെന്നാണു സൂചന. ക്വട്ടേഷന്‍ നല്‍കുന്നതു കേട്ടെന്ന സാക്ഷിമൊഴിയും ദിലീപിനെതിരായ തെളിവായി.

പിന്നാലെ ദിലീപും സുനിലും തമ്മില്‍ 2013 മുതല്‍ ബന്ധമുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയുടെ വി.ഐ.പി പാസ് സുനിലിന് നല്‍കിയത് ദിലീപാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിനെതിരെ 19 നിര്‍ണായക തെളിവുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൈമാറുന്നത് സ്വന്തം പേരിലുള്ള കെ.എല്‍. 7. ബി.ക്യൂ. 5445 എന്ന ബി.എം.ഡബ്ല്യൂ എക്‌സ് സിക്‌സ് എന്ന വാഹനത്തിനുള്ളില്‍ വച്ചാണ് . പിന്നീട് കൊച്ചിയിലുള്ള ഒരു ആഢംബര ഹോട്ടലിലും വച്ച് ഇരുവരും കൂടിക്കാഴ്ച്ച നടത്തി. നടിയെ ഉപദ്രവിക്കുന്ന മൂന്ന് മിനിറ്റിന്റെ വീഡിയോ പകര്‍ത്തുന്നതിന് ഒന്നരക്കോടിയാണ് ദിലീപ് വാഗ്ദ്ധാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *