ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഷീന ബോറ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ ശ്യാംവാര്‍ റായ് (44). ഇന്ദ്രാണി എങ്ങനെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കാറില്‍ വെച്ച് ഷീന ബോറയെ എങ്ങനെ കൊലപ്പെടുത്തിയതെന്നും വെള്ളിയാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്കി.
2012 ഏപ്രില്‍ 24ന് ഇന്ദ്രാണി മുഖര്‍ജി അവരുടെ കൈകള്‍കൊണ്ട് മകള്‍ ഷീന ബോറയെ കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയതിനുശേഷം ഷീനയുടെ മുഖത്തു കയറിയിരിക്കുകയും ചെയ്തുവെന്ന് ശ്യാംവാര്‍ കോടതിയില്‍ പറഞ്ഞു. 2012 മാര്‍ച്ചില്‍ മകളെയും മകന് മേഖയിലിനെയും കൊല്ലണമെന്ന് ഇന്ദ്രാണി സ്കൈപ്പിലൂടെ തന്നോട് പറഞ്ഞിരുന്നുവെന്ന് റായ് കോടതിയില്‍ പറഞ്ഞു.
‘അമ്മ എന്ന് വിളിച്ച് ഷീനയും മിഖായേലും തന്നെ അപമാനിക്കുന്നു. ഇന്ദ്രാണിക്കും മക്കള്‍ക്കുമിടയില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായും , ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകന് രാഹുലുമായി ഷീനയ്ക്ക് ബന്ധമുണ്ടായിരുന്നതായും ഇന്ദ്രാണി പറഞ്ഞിരുന്നതായി ശ്യാംവര്‍ കോടതിയില്‍ പറഞ്ഞു.ഇന്ദ്രാണിയുടെ ഏറ്റവും വിശ്വാസയോഗ്യനായ ജോലിക്കാരനാണ് താനെന്നും ഒരു സ്ഥിരം വരുമാനമുള്ള ജോലി, കുടുംബത്തിന്റെ ആരോഗ്യം, മക്കളുടെ വിദ്യാഭ്യാസം എല്ലാം ഇന്ദ്രാണിയുടെ ഉത്തരവാദിത്വമാണെന്നും ഇന്ദ്രാണി തനിക്ക് വാഗ്ദാനം ചെയ്തിരുന്നു.
ഷീനയേയും മേഖയാലിനെയും വകവരുത്താന്‍ കൊല്‍ക്കത്തയില്‍ നിന്നും ഒരാള്‍ കൂടെ വരുമെന്നും ഇന്ദ്രാണി പറഞ്ഞിരുന്നതായി റായ് കൂട്ടിച്ചേര്‍ത്തു. അനധികൃത ആയുധ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ 2015ല്‍ റായ് അറസ്റ്റിലായതോടെയാണ് സഞ്ജീവ് ഖന്നയും ഇന്ദ്രാണിയും ചേര്‍ന്ന് നടത്തിയ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 2012 ഏപ്രില്‍ 24നാണ് ഇന്ദ്രാണി മകളായ ഷീന ബോറയെ ക്രൂരമായി കൊലചെയ്തത്.
കൊലചെയ്തതിനുശേഷം ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടെ റായ്ഗഡ് പേന റോഡിലുള്ള വീട്ടില്‍ ഷീനയുടെ മൃതദേഹം കൊണ്ടുവരികയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സഞ്ജീവ് ഖന്ന ഷീനയുടെ ദേഹത്തു പെട്രോളൊഴിക്കുകയും ഇന്ദ്രാണി തീകൊളുത്തുകയുമായിരുന്നു. ഷീന ബോറ അമേരിക്കയിലാണെന്നായിരുന്നു ഇന്ദ്രാണി എല്ലാവരെയും ധരിപ്പിച്ചത്. കൊലപാതകം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ആഗസ്തിലായിരുന്നു ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായത്.
ഖന്ന ഷീനയുടെ മുടി പിടിക്കുകയും ഇന്ദ്രാണി കഴുത്ത് ഞെരുക്കുകയും റായ് കൈകൊണ്ട് വായ പൊത്തുകയും ചെയ്തു. ഷീന തന്റെ വലത് തള്ളവിരല്‍ കടിച്ചിരുന്നു. വായില്‍ നിന്നും കയ്യെടുത്തപ്പോള്‍ ചോരയൊലിക്കുന്നുണ്ടായിരുന്നു. പിന്നീട് വിരല്‍ മാറ്റി വായപൊത്തി. അപ്പോള്‍ ഷീന ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ശബ്ദം നിലച്ചു. റായ് താന്‍ ചെയ്ത ക്രൂരകൃത്യം ഓരോന്നായി കോടതിയില്‍ ഏറ്റുപറഞ്ഞു.
