നടിയെ ആക്രമിച്ച കേസ്സില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ദിലീപിന് ആലുവ സബ് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ജയില്‍ ഡിജിപിക്കു പരാതി. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരനായ ആലുവ സ്വദേശി ടി.ജെ. ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചു.
അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നു ജയിലിനു പുറത്തു ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. സന്ദര്‍ശകരില്‍ പലരും കേസുമായി നേരിട്ടു ബന്ധമുള്ളവരും പ്രതികളെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചവരുമാണെന്നു പരാതിക്കാരന്‍ ആരോപിക്കുന്നു.
ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കും സന്ദര്‍ശനാനുമതി നല്‍കി. ദിലീപ് റിമാന്‍ഡിലായതിന്റെ തൊട്ടടുത്ത അവധി ദിവസം ഇരട്ടക്കൊലക്കേസിലെ പ്രതി ജയില്‍ സന്ദര്‍ശിച്ചതു വിവാദമായിരുന്നു. ജയിലിനുള്ളില്‍ മറ്റു പ്രതികള്‍ക്കു ലഭിക്കാത്ത ഇത്തരം പരിഗണനകള്‍ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണു പരാതിക്കാരന്റ ആവശ്യം.
പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിനു കോടതി താല്‍ക്കാലിക അനുമതി നല്‍കിയ വിവരം പുറത്തുവന്ന ശനിയാഴ്ച മുതലാണു ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒറ്റയ്ക്കും കൂട്ടായും ജയില്‍സന്ദര്‍ശനം തുടങ്ങിയത്. കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്ബലം, നിര്‍മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഇന്നലെ ജയിലിലെത്തി ദിലീപിനെ കണ്ടു.
തിരുവോണ നാളില്‍ ഓണക്കോടിയുമായാണു നടന്‍ ജയറാം എത്തിയത്. സംവിധായകന്‍ രഞ്ജിത്, നിര്‍മാതാവ് ആല്‍വിന്‍ ആന്റണി, നടന്മാരായ നാദിര്‍ഷാ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാടാണു ജയില്‍ സൂപ്രണ്ടിന്റേത്. നടന്‍ ദിലീപിനെ കാണാന്‍ ജയിലില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. തടവുകാരെ കാണാന്‍ ഒരു ദിവസം രണ്ടോ മൂന്നോ പേരില്‍ കൂടുതലാളുകളെ അനുവദിക്കാറില്ല. എന്നാല്‍, ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണു കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയത്.
അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നു ജയില്‍ ചട്ടങ്ങളില്‍ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ബോര്‍ഡ് വച്ചിരിക്കുന്നത്. അതു കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
