തണ്ണിത്തോട് : എലിമുള്ളുംപഌക്കല്‍ വനസംരക്ഷണസമിതിയുടെ ചുമതലയില്‍ നടന്നുവരുന്ന കുട്ടവഞ്ചി സവാരി തകര്‍ക്കാന്‍ ഗൂഢനീക്കം. അനാവശ്യ വിവാദങ്ങളും സംഘര്‍ഷസങ്ങളും സൃഷ്ടിച്ച് നിരവധി പേരുടെ തൊഴിലും വിനോദ സഞ്ചരികളില്‍നിന്ന് വനംവകുപ്പിന് ലഭിക്കുന്ന വരുമാനവും ഇല്ലതാക്കുകയാണ് ലക്ഷ്യം.
കുട്ടവഞ്ചി സവാരി ഇവിടെ ആരംഭിക്കുമ്പോള്‍ തന്നെ ചെറിയപാര്‍ക്കിങ് ഗ്രൌണ്ട് ഉണ്ടായിരുന്നു. ഇവിടെയാണ് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുവരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഈ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തു മെമ്പര്‍ ഈ പദ്ധതിയ്‌ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചു വരുന്നതായി നാട്ടുകാര്‍ പറയുന്നു. വനഭൂമിയിലൂടെയുള്ള റോഡിന് വീതികൂട്ടണമെന്നാണ് ആവശ്യം.
വിശേഷ ദിവസങ്ങളില്‍ വിനോദ സംഘങ്ങളുടെ ബാഹുല്യം ഉള്ളപ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തി സംഘര്‍ഷം ഉണ്ടാക്കാന്‍ നീക്കം നടക്കുന്നുണ്ട്്. ചൊവ്വാഴ്ച ബോധപൂര്‍വം ഓട്ടോറിക്ഷ കാറില്‍ ഇടിപ്പിച്ച് ഗതാഗത തടസ്സം ഉണ്ടെന്നു വരുത്തി സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. കാറില്‍ ഇടിപ്പിച്ച ഓട്ടോ വഴിയില്‍നിന്ന് മാറ്റാതെ സംഘര്‍ഷത്തിന് കളമൊരുക്കി.
തുടര്‍ന്ന് മെമ്പറും അനുചരരും സ്ഥലത്തെത്തി മാര്‍ഗതടസ്സം സൃഷ്ടിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് ഗതാഗത തടസ്സത്തിന് കാരണമെന്ന് പ്രചരിപ്പിക്കാനുള്ള ആവേശമായിരുന്നു മെമ്പര്‍ക്ക്. കുട്ട വഞ്ചി സവാരി ഇവിടെ ആരംഭിക്കുമ്പോള്‍ അന്ന് ഇത്തരം കാര്യങ്ങളൊന്നും അന്നത്തെ മന്ത്രിയും കോണ്‍ഗ്രസുകാരും ഓര്‍ത്തില്ലെയെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
