നാദിര്‍ഷയ്ക്ക് കുരുക്കു മുറുക്കി പള്‍സര്‍ സുനി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നല്‍കിയെന്നാണ് സുനി മൊഴി നല്‍കിയത്. മാത്രമല്ല, ദിലീപ് പറഞ്ഞതനുസരിച്ചാണ് ഈ പണം നല്‍കിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുന്‍പാണ് ഈ പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞു.

പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയ കാര്യം മൊബൈല്‍ ടവറിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നതും. ഇതിനിടയില്‍ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, കാവ്യാ മാധവന്റെ കൊച്ചി വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍. സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്ബരും കുറിച്ചിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *