നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങള്‍ നാടിന് ആവശ്യമെന്ന് മുഖ്യമന്ത്രി

കൊച്ചി : നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങള്‍ നാടിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. എറണാകുളം ലെ മെറിഡിയനില്‍ കെഎസ്‌ഐഡിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് യുവ സംരംഭക സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂതന ആശയങ്ങളുമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും സംസ്ഥാനത്ത് നിരാശനാകേണ്ടി വരില്ല. സംരംഭകര്‍ക്ക് സാമ്ബത്തികസഹായത്തിന് പ്രയാസങ്ങള്‍ ഇല്ലാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ട്.
1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്‌ഐഡിസി ധനസഹായം ചെയ്യും.

ഭാവി സാമ്ബത്തിക വളര്‍ച്ചാ സ്രോതസ്സ് എന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്ന സംരംഭങ്ങള്‍ക്ക് 1375 കോടി രൂപ വകയിരുത്തിയിട്ടുണ്ട് ഇതില്‍ 549 കോടി ഐടി ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് മാറ്റിവച്ചിരിക്കുന്നു. പത്തുകോടി രൂപ ടെക്‌നോളജി ഇന്നവേഷനും യുവജന സംരംഭകത്വ പരിപാടികള്‍ക്കായി 70 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട് . സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള അടിസ്ഥാനസൗകര്യം, പശ്ചാത്തല വികസനം എന്നിവ കെ എസ് ഐ ഡി സി യുടെ നേതൃത്വത്തില്‍ ഉറപ്പാക്കുന്നു. ഐടി മേഖലയില്‍ മാത്രമല്ല ഐടി ഇതര മേഖലകളിലേക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ വ്യാപിപ്പിക്കണം.

അതിനായി കെഎസ്‌ഐഡിസി മുന്‍കൈയെടുക്കുന്നു. കൃഷി, ആരോഗ്യം, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ മേഖലകളിലേക്കും യുവാക്കള്‍ നൂതന ആശയങ്ങളുമായി കടന്നുവരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നൂതന സംരംഭങ്ങളുമായി വരുന്ന യുവാക്കള്‍ക്ക് സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ചും സംരംഭകത്വത്തിന്റെ സാധ്യതയെക്കുറിച്ചും ബോധ്യമുണ്ടാകണം. കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ തങ്ങളുടെ കര്‍മശേഷി സ്വന്തംനാട്ടില്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനായി നൂതന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരമ്ബരാഗത രീതികള്‍ അനുയോജ്യമല്ല എന്ന സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് തൊഴില്‍ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാനും സുഗമമായി നടപ്പാക്കാനും പരമ്ബരാഗത രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. യുവാക്കള്‍ സ്വപ്‌നം കാണുകയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും വേണം. യുവജനങ്ങളുടെ നൂതന സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

യുവ സംരംഭക സംഗമത്തിന്റെ സിഗ്‌നേച്ചര്‍ ഫിലിം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത രീതിയും സദസ്സിന് കൗതുകമായി. അസിമോ റോബോടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് രൂപകല്പന ചെയ്ത റോബോട്ട് കൈമാറിയ തെറ്റാലി ഉപയോഗിച്ചാണ് മുഖ്യമന്ത്രി സിഗ്‌നേച്ചര്‍ ഫിലിം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

വ്യവസായ മന്ത്രി എസി മൊയ്തീന്‍ അധ്യക്ഷനായിരുന്നു നവകേരള സൃഷ്ടിക്കായുള്ള പശ്ചാത്തല സൗകര്യം ഒരുക്കാനും വ്യവസായികള്‍ക്ക് വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന് ഡവലപ്‌മെന്റ് ആക്ട് എന്ന നിയമ നിര്‍മ്മാണത്തിന് ഗവണ്‍മെന്റ് ഒരുങ്ങുന്നുണ്ട്. വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നത്തിനും ഉടനടി പരിഹാരം ഉണ്ടാകും; പുതിയ സംരംഭങ്ങള്‍ തുടങ്ങാനായി 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് തയ്യാറെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എം സ്വരാജ് എംഎല്‍എ, കേന്ദ്ര ടെലികോം വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍, മുന്‍ എംപി പി രാജീവ്, കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ എം ബീന, സംസ്ഥാന വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, ടി ഐഇ പ്രസിഡന്റ് രാജേഷ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവ സംരംഭക സംഗമത്തോടനുബന്ധിച്ച് ് വിവിധ സ്റ്റാര്‍ട്ട് അപ്പുകള്‍ തയ്യാറാക്കിയ പ്രദര്‍ശനവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *