നരോദഗ്രാം കൊലക്കേസ് : അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്; നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്ന് കോടതി

അഹമ്മദാബാദ് : 2002 ലെ നരോദഗ്രാം കൂട്ടക്കൊലക്കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്. നരോദപാട്യ കൂട്ടക്കൊലകേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി മായ കോദ്‌നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിനാണ് സമന്‍സ്. ഈ മാസം 18 ന് നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

കേസിലെ പ്രധാന സാക്ഷികളിലൊരാളായ അമിത് ഷായുടെ വിലാസം കണ്ടെത്താനോ, സാക്ഷിയായി ഹാജരാകണമെന്ന് ആവശ്യപ്പെടാനോ കഴിഞ്ഞില്ലെന്ന് മായ കോദ്‌നാനി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ മായയുടെ അഭിഭാഷകന്‍ അമിത് പട്ടേല്‍, അമിത് ഷായെ കണ്ടെത്താനായില്ലെന്നും, കോടതി നേരിട്ട് സമന്‍സ് അയക്കണമെന്നും അപേക്ഷിച്ചു.

ഇത് അംഗീകരിച്ച കോടതി അമിത് ഷായ്ക്ക് നേരിട്ട് സമന്‍സ് അയക്കുകയായിരുന്നു. നരോദപാട്യയില്‍ കൂട്ടക്കൊല നടക്കുമ്‌ബോള്‍ ഡോക്ടറായ താന്‍ അമിത് ഷായ്‌ക്കൊപ്പം ആശുപത്രിയിലായിരുന്നെന്നാണ് മായ കോദ്‌നാനി കോടതിയെ അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ അമിത് ഷായും മായ കോദ്‌നാനിയും എംഎല്‍എമാരായിരുന്നു.

2002 ഫെബ്രുവരിയില്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീവെച്ച് 59 കര്‍സേവര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിറ്റേന്നാണ് നാരോദപാട്യയില്‍ കൂട്ടക്കുരുതി നടന്നത്. 2002 ഫെബ്രുവരി 28 ന് നരോദഗ്രാമില്‍ നടന്ന കലാപത്തില്‍ 11 മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്.

നരോദപാട്യ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മായ കോദ്‌നാനിയെ 28 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. നരോദപാട്യയില്‍ 97 പേരാണ് കൂട്ടക്കൊലയ്ക്ക് ഇരയായത്. കോടതി ശിക്ഷിച്ച മായ കോദ്‌നാനി ഇപ്പോള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *