വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥിനികളെ പുരുഷ പൊലീസുദ്യോഗസ്ഥര്‍ തല്ലിച്ചതച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബച്ചാവോ, ബേഠി പഠാവോയുടെ ബി.ജെ.പി പതിപ്പാണ് ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ നടന്നതെന്ന് രാഹുല്‍ പരിഹസിച്ചു.
കഴിഞ്ഞ ദിവസം കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയെ സംബന്ധിച്ച് പരാതി ബോധിപ്പിക്കുന്നതിന് സര്‍വകലാശാല വൈസ് ചാന്‍സിലറെ കാണാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച കോളേജിലെ ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ചിലര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടെങ്കിലും അധികൃതര്‍ വേണ്ട നടപടിയെടുത്തിരുന്നില്ല. പകരം ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനിയെ അപമാനിക്കുന്ന രീതിയിലാണ് അധികൃതര്‍ പെരുമാറിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമാധാനപരമായി ധര്‍ണ നടത്തിയ തങ്ങളെ പൊലീസ് അകാരണണായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നിരവധി തവണ ക്യാംപസിനുള്ളില്‍ ആവര്‍ത്തിച്ചിട്ടും ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
