സുഷമയുടെ പ്രസംഗത്തിനെതിരെ ചൈനീസ് മാധ്യമം

ബീജിംഗ്: സുഷമയുടെ പ്രസംഗത്തിനെതിരെ ചൈനീസ് മാധ്യമം രംഗത്ത്. കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്ഥാനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനെ വിമര്‍ശിച്ചു കൊണ്ട് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സുഷമ നടത്തിയ പ്രസംഗം അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞതായിരുന്നുവെന്നാണ് ഗ്ലോബല്‍ ടൈംസിന്റെ കുറ്റപ്പെടുത്തല്‍.

പാകിസ്ഥാനില്‍ ഭീകവാദമുണ്ട്. എന്നാല്‍ ഇന്ത്യ ആരോപിക്കുന്നതുപോലെ ഭീകരരെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്റെ ദേശീയ നയമാണോയെന്നും, ഭീകരവാദം കയറ്റി അയയ്ക്കുന്നതുകൊണ്ട് അവര്‍ പണമോ ബഹമുതികളോ നേടുന്നുണ്ടോയെന്നും ഗ്ലോബല്‍ ടൈംസ് ചോദിക്കുന്നു.

അടുത്ത കാലത്ത് സാമ്ബത്തിക രംഗങ്ങളിലും വിദേശ ബന്ധങ്ങളിലും ഉണ്ടായ വളര്‍ച്ച ഇന്ത്യയെ അഹങ്കാരിയാക്കിയിരിക്കുന്നു. ഇതാണ് പാകിസ്ഥാനെ വിലകുറച്ചുകാണാനും ചൈനയുമായി സംഘര്‍ഷത്തിലേര്‍പ്പെടാനും ഇന്ത്യയെ പ്രേരിപ്പിച്ചത്. 73 ദിവസം നീണ്ടുനിന്ന ഡോക്ലോം സംഘര്‍ഷം പരാമര്‍ശിച്ചാണ് ചൈനയുടെ ഈ വാക്കുകള്‍. ചെനയുടെ പ്രവൃത്തികളെ ഇന്ത്യ അവരുടെ യുക്തിക്കനുസരിച്ചാണ് വീക്ഷിക്കുന്നത്. പാകിസ്ഥാനുമായി തങ്ങള്‍ സൗഹൃദത്തിലേര്‍പ്പെട്ടാല്‍ ഇന്ത്യ പറയും അവരെ നേരിടാനാണെന്ന്, ഡോക്ലോമില്‍ റോഡ് നിര്‍മിച്ചാല്‍ അവര്‍ പറയും സിലിഗുരി ഇടനാഴിക്ക് ഭീഷണിയാണെന്ന്.

ദക്ഷിണേഷ്യയിലേക്കുള്ള വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ കാണുന്നത് അവരെ വളയാനുള്ള തന്ത്രമെന്ന നിലയിലാണ്. ഇന്ത്യയുടെ താല്‍പര്യങ്ങളെല്ലാം ഇത്തരം യുക്തിയുടെ പുറത്തുള്ളതാണെന്നും ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.

ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്‌ബോള്‍ പാകിസ്ഥാന്റെ ലക്ഷ്യം ജിഹാദികളെ ഉണ്ടാക്കുന്നത് മാത്രമാണെന്നായിരുന്നു യു.എന്നില്‍ സുഷമ സ്വരാജിന്റെ വിമര്‍ശനം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് തീവ്രവാദത്തെ കുറിച്ച് പാകിസ്ഥാന്റെ നിലപാട്. പിന്നെങ്ങനെ നിങ്ങള്‍ തീവ്രവാദത്തിനെതിരെ പോരാടുമെന്നും സുഷമ പാകിസ്ഥാനോട് ചോദിച്ചിരുന്നു. ഇതാണ് പാകിസ്ഥാന്റെ ഉറ്റ സുഹൃത്തായ ചൈനയെ പ്രകോപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *