കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നു; മുസ് ലിംകളെ ബഹിഷ്‌കരിക്കണം മുത്താലിക്

മംഗളുരു: കടുത്ത വര്‍ഗീയ പ്രസ്താവനകളുമായി ശ്രീരാമസേന തലവന്‍ പ്രമോദ് മുത്താലിക് വീണ്ടും രംഗത്തെത്തി. മുസ് ലിങ്ങളുമായി വ്യാപാരം നടത്തുന്നത് ഹിന്ദുക്കള്‍ അവസാനിപ്പിക്കണമെന്നും അവരെ സാമ്ബത്തികമായി ബഹിഷ്‌കരിക്കണമെന്നും മുത്തലിഖ് ആവശ്യപ്പെട്ടു. ഞായറാഴ്ച മംഗളൂരുവില്‍ നടന്ന മദ്രുപൂജ ആഘോഷത്തിനിടെയായിരുന്നു വിവാദ പ്രസംഗമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ മുസ് ലിംകള്‍ എതിര്‍ക്കുന്നു. കന്നുകാലി കശാപ്പ് ബില്ലിനെയും അവര്‍ എതിര്‍ക്കുന്നു. വന്ദേമാതരം ആലപിക്കാന്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം അവസാനിപ്പിക്കുന്നത് വരെ മുസ് ലിംകളെ സാമ്ബത്തികമായി ബഹിഷ്‌കരിക്കണമെന്നും മുത്തലിഖ് വ്യക്തമാക്കി. ഹിന്ദുക്കള്‍ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും അവ ആരാധിക്കണമെന്നും പ്രസംഗത്തില്‍ മുത്തലിക് ആവശ്യപ്പെട്ടു. ഇത് മോശമായ സമയമാണ്. അക്രമങ്ങള്‍, ഭീകരവാദം, അഴിമതി എന്നിവയില്‍ നിന്ന് നമുക്ക് സ്വയം സംരക്ഷിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഹിന്ദു ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു. രാജ്യത്താകമാനം പള്ളികള്‍ പണിയാന്‍ മുസ് ലിംകള്‍ക്ക് അനുമതി ലഭിക്കുന്നു. അതേസമയം അയോധ്യയില്‍ രാമ മന്ദിര്‍ നിര്‍മിക്കാന്‍ നമുക്ക് പറ്റുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ് അദ്ദേഹം വ്യക്തമാക്കി.

ബംഗളുരുവിലെ ആനന്ദ് റാവു സര്‍ക്കിളിന് സമീപം ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ മുത്തലിക്കിനും അനുയായികള്‍ക്കുമെതിരെ ബംഗളുരു പൊലീസ് ജൂലൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉടുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പജാവര്‍ ദര്‍ശനത്തിനെതിരെയാണ് അദ്ദേഹം അന്ന് പ്രസംഗിച്ചത്. ഇനി മുതല്‍ ക്ഷേത്രങ്ങളില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്ന് മുത്തലിക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *