തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ ഒരുക്കുകയും ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഐവി ശശിയുടെ വേര്‍പാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് പറഞ്ഞു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി അദ്ദേഹം മാറി. എല്ലാ തലമുറയെയും ആകര്‍ഷിക്കുന്ന ഒരുപിടി നല്ല സിനിമകള്‍ അദ്ദേഹം സൃഷ്ടിച്ചു.
ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷം 1968 ല്‍ കലാസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം 150 ഓളം ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി ഇന്ത്യന്‍ സിനിമാ മേഖലയ്ക്കായി ഒരുക്കിയത്. 1975 ല്‍ പുറത്തിറങ്ങിയ ഉത്സവമായിരുന്നു ആദ്യചിത്രം. 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാന ചിത്രം. 2014 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെസി ഡാനിയേല്‍ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. കഴിഞ്ഞ സെപ്തംബറില്‍ തലശ്ശേരിയില്‍ നടന്ന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ ഈ സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങാന്‍ അദ്ദേഹം എത്തിയിരുന്നു. അന്ന് അദ്ദേഹവുമായി സൗഹൃദം പുതുക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. രോഗവിവരത്തെ കുറിച്ചും സംസാരിച്ചിരുന്നു.
1982 ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. രണ്ട് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരുതവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരുതവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ഒരു വലിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
മലയാള സിനിമയിലെ കലാമൂല്യവും കച്ചവടസാധ്യതയും ഒരേപോലെ ഉപയോഗപ്പെടുത്തിയ ഐവി ശശിയുടെ സിനിമകള്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകം തന്നെയാണ്. മലയാള സിനിമയ്ക്ക് അദ്ദേഹം നല്കിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഖത്തില്‍ പങ്കുചേരുന്നു. പ്രസ്താവനയിലൂടെ മന്ത്രി പറഞ്ഞു.
