പത്തനംതിട്ട: മഴയും കാറ്റും കാരണം ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്.പമ്ബയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വാഹന പാര്‍ക്കിംഗ് പുന:സ്ഥാപിച്ചു.
പമ്പാസ്നാനത്തിനും ബലിതര്‍പ്പണത്തിനും പൊലീസ് നിയന്ത്രണമുണ്ട്. അപകടമുണ്ടാവും എന്ന് ബോധ്യമുള്ള സ്ഥലങ്ങളില്‍ ഭക്തരെ ഇറക്കുന്നില്ല. കാനനപാതയായ ഏരുമേലി, പമ്പ, കുമളി, പുല്‍മേട്, സന്നിധാനം പാതകളിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു. കനത്ത മഴയ്ക്കൊപ്പം മൂടല്‍മഞ്ഞുകൂടി ഉള്ളതിനാല്‍ വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. ഇത് ഭക്തരുടെ ജീവന് ഭീഷണിയുണ്ടാക്കും എന്നതിനാലാണ് യാത്രാവിലക്ക് തുടരുന്നത്. പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് പോകുന്നവര്‍ തെന്നി വീഴാതിരിക്കാന്‍ പ്രത്യേകം അറിയിപ്പ് നല്‍കുന്നുണ്ട്.
വൃശ്ചികമാസത്തില്‍ 12 വിളക്ക് കഴിഞ്ഞ് ഏറെ തിരക്ക് ഉണ്ടാവുന്ന ദിവസങ്ങളാണ് വെള്ളി, ശനി, ഞായര്‍ എന്നിവ. എന്നാല്‍ കാര്യമായ തിരക്ക് സന്നിധാനത്ത് അനുഭവപ്പെടുന്നില്ല. മഴ ട്രെയിന്‍ യാത്രയെ ബാധിച്ചിട്ടില്ലാത്തതിനാല്‍ ഇതരസംസ്ഥാനക്കാരായ ഭക്തരാണ് കൂടുതലും എത്തുന്നത്. കാറ്റടിച്ചാല്‍ മരങ്ങള്‍ കടപുഴകുമോ എന്ന ആശങ്ക മാത്രമെ അധികൃതരെ അലട്ടുന്നുള്ളു. എന്നാല്‍ നിലവില്‍ തന്നെ എല്ലാ സുരക്ഷാ സംവിധാനങ്ങളും സന്നിധാനത്ത് ഉള്ളതിനാല്‍ പ്രതികൂല കാലാവസ്ഥയെ നേരിടാനാവും എന്ന ആത്മവിശ്വാസമാണ് സന്നിധാനത്തെ വിവിധ സേനാ വിഭാഗങ്ങള്‍ക്കുള്ളത്.
