ന്യൂഡല്‍ഹി : മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ബന്ധുക്കള്‍ക്ക് കൈമാറിയ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ സംസ്കാരത്തിന് തൊട്ടു മുന്‍പ് ജീവന് തിരിച്ചു പിടിച്ചു. ഡല്‍ഹി ഷാലിമാര്‍ ബാഗിലെ പ്രശ്സ്തമായ മാക്സ് ആശുപത്രിയിലാണ് സംഭവം.ഡല്‍ഹി സ്വദേശി പ്രവീണിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍, കുട്ടികളില്‍ ഒരാള്‍ മരിച്ചതായും രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ഈ കുട്ടിയെ നഴ്സറിയില്‍ സൂക്ഷിക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്നാല്‍, പിന്നീട് ഇരുകുട്ടികളും മരിച്ചതായി അറിയിപ്പ് ലഭിക്കുകയും കുട്ടികളെ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ബന്ധുക്കള്‍ക്ക് കൈമാറുകയുമായിരുന്നു. ഇതേതുടര്‍ന്ന് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങളും നടത്തി. ഇതിനിടെയാണ് കുട്ടികളില്‍ ഒരാള്‍ പിടയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ബന്ധുക്കള്‍ കുട്ടിയുമായി ആശുപത്രിയിലേയ്ക്ക് എത്തി. കുട്ടി സുഖംപ്രാപിച്ചു വരികയാണ്.
