വീര സൈനികന്റെ 26 കാരിയായ മകളെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ മുന്നിലിട്ട് വലിച്ചിഴച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുടെ മുന്നിലിട്ട് വീര സൈനികന്റെ മകളെ വലിച്ചിഴച്ചു. വിജയ് റൂപാനി കെവാഡിയ കോളനിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട വീരസൈനികന്റെ മകളെയാണ് പോലീസ് വലിച്ചിഴച്ച് പുറത്താക്കിയത്. 2002 ല്‍ കശ്മീരില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ അശോക് തദ്വിയുടെ 26 കാരിയായ മകളാണ് മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് വേദിയിലേയ്ക്ക് കയറാന്‍ ശ്രമം നടത്തിയത്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയെ കാണാന്‍ രൂപല്‍ തദ്വി എത്തിയത്. രൂപല്‍ തദ്വിയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

റൂപാനി സംസാരിക്കുന്നതിനിടെ അദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് സദസിലിരിക്കുകയായിരുന്ന രൂപാനി ശബ്ദം ഉയര്‍ത്തുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇവര്‍ ഓടി അടുക്കുകയായിരുന്നു. ഇതിനിടയില്‍ വനിതാ പോലീസുകാര്‍ എത്തി വലിച്ചിഴച്ചുകൊണ്ട് പുറത്തേക്ക് പോകുകയായിരുന്നു. പരിപാടിക്കു ശേഷം നിങ്ങഴെ കാണുമെന്ന് റൂപാനി പ്രസംഗത്തിനിടെ പറയുകയുണ്ടായി.

‘ബിജെപിയുടെ അഹങ്കാരം കൊടുമുടിയില്‍’ എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വീഡിയോ ട്വീറ്റ് ചെയ്തു. നേരത്തെ ഇവര്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പിന്നാലെ രൂപലിന്റെ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *