കേരളം നടത്തിയത് മികച്ചരീതിയിലുള്ള രക്ഷാ പ്രവര്‍ത്തനം അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്ടായ അപകടത്തില്‍ സംസ്ഥാനം നടത്തിയത് മികച്ച രക്ഷാ പ്രവര്‍ത്തനമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര സംസ്ഥാന സേനകളെ ഏകോപിപ്പിച്ച് മികച്ച രീതിയില്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്താനായി. കേരളതീരത്ത് ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന തരത്തിലുള്ള അറിയിപ്പ്? ലഭിച്ചിരുന്നില്ല. അതാണ് ഇത്ര വലിയ ദുരന്തത്തിനിടയാക്കിയത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കാനുള്ള പദ്ധതിയില്ല. ദുരിതാശ്വാസത്തിന് ആവശ്യമുള്ള ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇനിയും അനുവദിക്കുമെന്നും കണ്ണന്താനം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തലയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിശമാറിക്കൊണ്ടിരിക്കുന്ന കാറ്റായതിനാല്‍ ബോട്ടുകള്‍ പലതും വടക്കു ഭാഗത്തേക്ക് പോയിയെന്നാണ് കരുതുന്നത്. അതിനാല്‍ തെരച്ചില്‍ വടക്കുഭാഗത്തേക്ക് കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരദേശത്തുള്ള മത്‌സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ഊര്‍ജ്ജിതമായ രക്ഷാ പ്രവര്‍ത്തനം നടത്തും. എല്ലാ ഏജന്‍സികളും ഏകോപിപ്പിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു ദിവസം കൊണ്ട് 395 പേരെ രക്ഷപ്പെടുത്താനായെന്ന് കണ്ണന്താനം പറഞ്ഞു..
കോസ്റ്റ് ഗാര്‍ഡിന്റെ എട്ടു കപ്പലുകള്‍, ഒരു ഹെലികോപ്റ്റര്‍, നേവിയുടെ ഏഴുകപ്പലുകള്‍, രണ്ട് ധോണിയാര്‍ വിമാനങ്ങള്‍, നാലു ഹെലികോപ്റ്ററുകള്‍, വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ എന്നിവ ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ 183 പേരെ രക്ഷിക്കാനായിയെന്നും കണ്ണന്താനം അറിയിച്ചു. കര, നാവിക, വ്യോമസേനാ ഉദ്യോഗസ്?ഥരും തീരദേശ രക്ഷാസേന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *