കുറ്റപ്പെടുത്തലല്ല, രക്ഷാപ്രവര്‍ത്തനമാണ് പ്രധാനം നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പൂന്തുറയിലെത്തി. രക്ഷാ പ്രാവര്‍ത്തനം വേണ്ട വിധം നടക്കുന്നില്ലെന്ന പൂന്തുറ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി പ്രദേശത്തെത്തിയത്. പൂന്തുറയിലെ പളളി വികാരികളും അധികൃതരുമായി ചര്‍ച്ച നടത്തി. ദുരിതബാധിതരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി.

ആരെയും പഴിചാരേണ്ട സമയമല്ല ഇതെന്ന് പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി ജനങ്ങളോട് സംസാരിക്കാന്‍ ആരംഭിച്ചു. 29ന് വൈകീട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. 30ന് വൈകീട്ട് കേസ്റ്റ് ഗാര്‍ഡും നേവിയും വ്യോമസേനയും തെരച്ചില്‍ ആരംഭിച്ചിരുന്നു. ധാരാളം പേരെ ജീവനോടെ തിരികെ എത്തിക്കാന്‍ നമുക്ക് സാധിച്ചു. ഇപ്പോഴും തെരച്ചില്‍ അവസാനിച്ചിട്ടില്ല. പള്ളി വികാരികളുമായി സംസാരിക്കുമ്പോഴായിരുന്നു കൊച്ചിയില്‍ 11പേരെ കണ്ടെത്തി തിരിച്ചെത്തിച്ചതായും ലക്ഷദ്വീപില്‍ രണ്ട് മലയാളികളെയും കണ്ടെത്തിയതായും സന്ദേശം ലഭിച്ചത്. പരാതികളുടെയും കുറ്റപ്പെടുത്തലുകളുടെയും സമയമല്ല ഇത്. ഇപ്പോള്‍ പ്രധാനം രക്ഷാപ്രവര്‍ത്തനങ്ങളാണ്. കടലില്‍ കാണാതായവരെ കണ്ടെത്തുകയാണ് പ്രധാനം. ഒരു ഭാഗത്ത് കണ്ടെത്താനായില്ലെങ്കില്‍, മറ്റൊരു ഭാഗത്ത് തെരയണം.
ഇതുവരെ തിരികെ എത്തിച്ച 485 പേരെയും കൊണ്ടുവന്നത് നേവിയും കോസ്റ്റ് ഗാര്‍ഡും വ്യോമസേനയുമെല്ലാം ചേര്‍ന്ന് തന്നെയാണ്. നിങ്ങളുടെ കൂടെയുള്ള 11 പേര്‍ ഇന്ന് രാവിലെയും തെരയാന്‍ പോയിട്ടുണ്ട്. ഇനിയും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തിരുവനന്തപുരത്തെ നാവിക വ്യോമസേനാ ആസ്ഥാനങ്ങളുമായി ബന്ധപ്പെടാമെന്നും മന്ത്രി അറിയച്ചു.
കേന്ദ്രമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നെങ്കിലും തന്നെ സംസാരിക്കാന്‍ ദയവായി അനുവദിക്കണമെന്ന് മന്ത്രി പലതവണ ആവശ്യപ്പെട്ടതോടെ പ്രതിഷേധം തണുക്കുകയായിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ മന്ത്രിയെ കേള്‍ക്കുകയും അവരുടെ പരാതികള്‍ അറിയിക്കുകയും ചെയ്തു. മത്‌സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. അതിനും അവര്‍ മറുപടി നല്‍കി.
കഴിഞ്ഞ ദിവസം വിഴിഞ്ഞം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് ശക്തമായ സുരക്ഷയായിരുന്നു ഒരുക്കിയിരിക്കുന്നത്. ഇരുവശത്തും പൊലീസിനെ നിരത്തി ബാരിക്കേഡുകള്‍ വച്ച് തടഞ്ഞാണ് മന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. വലിയ നാശനഷ്ടങ്ങളാണ് വിഴിഞ്ഞത്ത് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വിലയിരുത്തി. ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരസ്പരം പഴിചാരേണ്ടതില്ല. അവസാന ആളും തിരിച്ചെത്തും വരെ രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമായിതന്നെ തുടരും.

സുനാമി സമയത്തു പോലും ഇത്രയും കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും എന്തുസഹായം നല്‍കാനും കേന്ദ്രം തയാറാണെന്നും മന്ത്രി വിഴിഞ്ഞത്ത് അറിയിച്ചു. പൂന്തുറ തീരം കൂടി സന്ദര്‍ശിച്ച ശേഷം 10 മണിക്ക് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
സംസ്ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരും പ്രതിരോധ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *