ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം വീതം ധനസഹായം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിവിധ വകുപ്പുകള്‍ സംയുക്തമായിട്ടാകും ധനസഹായം നല്‍കുക. ഇതുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നല്‍കും. മത്സ്യതൊഴിലാളികള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് പാക്കേജ് പ്രഖ്യാപിച്ചത്.

ഓഖി ചുഴലിക്കാറ്റിലൂടെ സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം വരുത്തിയിട്ടില്ല. ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് നവംബര്‍ 30 ന് മാത്രമാണ് ലഭിച്ചത്.
മൂന്ന് ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടതായിരുന്നു. മുന്നറിയിപ്പ് ലഭിച്ച ശേഷം ഒരുനിമിഷം പോലും സര്‍ക്കാര്‍ പാഴാക്കിയിട്ടില്ല. കോസ്റ്റ് ഗാര്‍ഡും നേവിയും അവസരോചിതമായി പെരുമാറി. നടപടി ക്രമങ്ങളില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *