ബി ജെ പിക്ക് വീണ്ടും തിരിച്ചടി: ബി ജെ പി എം പി നാന പട്ടോള്‍ രാജിവച്ചു

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ നടപ്പാക്കിയതിലുള്ള അപാകതയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ രാജി. പാര്‍ട്ടി വിമത എം.പി നാന പട്ടോള്‍ ലോക്‌സഭാംഗത്വം രാജിവച്ചു. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നുള്ള പ്രതിനിധിയാണ് നാന. വെള്ളിയാഴ്ചയാണ് രാജിക്കത്ത് നല്‍കിയത്.

കാര്‍ഷിക പ്രശ്‌നം, ജി.എസ്.ടി, നോട്ട് അസാധുവാക്കല്‍ തുടങ്ങിവ മൂലമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് കാണിച്ചാണ് രാജി. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് നല്‍കിയ രാജിക്കത്തില്‍ 14 കാരണങ്ങളാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കാര്‍ഷിക പ്രശ്‌നങ്ങളില്‍ ബി.ജെ.പിയെ പരസ്യമായി വിമര്‍ശിച്ച എം.പി കൂടിയാണ് നാന പട്ടോലെ. ഒക്ടോബറില്‍ അദ്ദേഹം ശിവസേന മേധാവി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രശ്‌നങ്ങള്‍ താന്‍ പല തവണ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും അദ്ദേഹം അതൊല്ലാം അവഗണിക്കുകയായിരുന്നുവെന്നും നാന പട്ടോള്‍ പറയുന്നു. മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പട്ടോള്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ബി.ജെ.പിയില്‍ എത്തിയത്. എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് പട്ടോലെ പാര്‍ലമെന്റില്‍ എത്തിയത്.

മുന്‍പും മോഡിക്കെതിരെ പരസ്യമായി പട്ടോലെ രംഗത്തെത്തിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും മോഡി ഇഷ്ടപ്പെടുന്നില്ലെന്ന് സെപ്തംബറില്‍ അദ്ദേഹം പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. കേന്ദ്രമന്ത്രിമാരെല്ലാം എപ്പോഴും ഭയപ്പെടുന്ന അവസ്ഥയിലാണ്. എന്നാല്‍ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടെങ്കിലും തനിക്ക് അത്തരം ഭയമില്ലെന്നും പട്ടോള്‍ പറഞ്ഞിരുന്നു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നാളെ നടക്കാനിരിക്കേയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു എം.പി ബി.ജെ.പിയെ വിമര്‍ശിച്ച് രാജിവച്ച് പോകുന്നത്. മണിശങ്കര്‍ അയ്യരുടെ ‘തരംതാഴ്ന്നവന്‍’ പ്രയോഗത്തില്‍ പിടിച്ച് കയറാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് പാളയത്തില്‍ നിന്നുതന്നെ പടയുയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *