കൊച്ചി ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ലക്ഷദ്വീപില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളില്‍ ഒരു സംഘം കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെയാണ് 50 മത്സ്യതൊഴിലാളികളുമായി എംവി കവരത്തി കപ്പല്‍ കൊച്ചി തീരത്തെത്തിയത്. കടലില്‍ അകപ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരുകയാണ്. 12 കപ്പലുകളിലായാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.
ലക്ഷദ്വീപിന് സമീപത്തുനിന്നും രണ്ട് ദിവസത്തിനിടെ രക്ഷപെടുത്തിയത് 352 മത്സ്യതൊഴിലാളികളെയാണ്. ബാക്കിയുള്ളവര്‍ പത്ത് ബോട്ടുകളിലായി ഇന്നും നാളെയുമായി കൊച്ചിയിലെത്തും. ഇതുവരെ 33 മത്സ്യബന്ധന ബോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. രക്ഷപെടുത്തിയവരില്‍ 95 ശതമാനം ആളുകളും തമിഴ്‌നാട് സ്വദേശികളാണ്.
കൊച്ചിയിലെത്തിയ എംവി കവരത്തി കപ്പലില്‍ രണ്ട് മലയാളികളാണുള്ളത്. 45 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. മലയാളികള്‍ രണ്ട് പേരും തിരുവനന്തപുരം സ്വദേശികളാണ്.
കഴിഞ്ഞ ഒറ്റദിവസം 180 മത്സ്യതൊഴിലാളികളെ ലക്ഷദ്വീപിന് സമീപം കണ്ടെത്തിയിരുന്നു. ഐഎന്‍എസ് കല്‍പേനി നടത്തിയ തെരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് മത്സ്യതൊഴിലാളികള്‍ ഉണ്ടായിരുന്നത്.
അതേസമയം, കടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേവിയുടെ തെരച്ചില്‍ തുടരാന്‍ പ്രതിരോധമന്ത്രിയോട് ആവശ്യപ്പെടുന്ന് മുഖ്യമന്ത്രി പറഞ്ഞു.
