ജിഷ വധം: ചെരിപ്പടക്കം 36 തൊണ്ടിമുതല്‍, നൂറുസാക്ഷികള്‍ കേസിന്റെ നാള്‍വഴി.

കൊച്ചി: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ആ പെണ്‍ക്കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട ദിവസം . അന്ന് സാക്ഷര കേരളം ലോകത്തിന്റെ മുന്നില്‍ നാണിച്ച് തലകുനിച്ചു നിന്നു. ഒറ്റമുറി വീടില്‍ നിരാലംബയായ ആ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപെട്ടപ്പോള്‍ സ്ത്രീസുരക്ഷയ്ക്ക് പുകള്‍പുറ്റ കേരളസംസ്ഥാനവും സംസ്ഥാന സര്‍ക്കാരും പൊലീസ് സന്നാഹവും നോക്കുകുത്തിയായി. കുറ്റവാളികളെ കണ്ടെത്തേണ്ട പൊലീസ് തെളിവ് നശിപ്പിക്കാന്‍ മത്സരിച്ചപ്പോള്‍ കേരളജനത ഒന്നടങ്കം രോഷംപൂണ്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം തീരുമാനിച്ചത് കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കാനായിരുന്നു. പുത്തന്‍ അന്വേഷണസംഘം അന്വേഷണമാരംഭിച്ച് 21ാം നാള്‍ കേസില്‍ പ്രതി പിടിയില്‍. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക്കത്തിന്റെ നാള്‍വഴികളിലുടെ…..

ഏപ്രില്‍ 28 പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോല്‍ ഇരവിച്ചിറ കനാല്‍പുറമ്‌ബോക്കിലെ ഒറ്റമുറി വീട്ടില്‍ രാത്രി 8.30 ഓടെ ദളിത് നിയമവിദ്യാര്‍ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ അമ്മ രാജേശ്വരി കണ്ടെത്തി.

ഏപ്രില്‍ 29 പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രിയില്‍ മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തിടുക്കപ്പെട്ട് മൃതദേഹം സംസ്‌കരിച്ചത് പിന്നീട് വിവാദമായി.

മേയ് ഒന്ന് കൊലയാളി അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സൂചന. ജിഷയുടെ വീടിനടുത്തുള്ള തൊഴിലാളികളെ ചോദ്യംചെയ്തു.

മെയ് രണ്ട് ജിഷ ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്ത് 38 മുറിവുകള്‍. രാജ്യമൊട്ടാകെ പ്രതിഷേധം. അന്വേഷണ മേല്‍നോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിന്. ജിഷയുടെ വീടിനോടു ചേര്‍ന്നുള്ള വൈദ്യുത പോസ്റ്റിന് സമീപത്തുനിന്ന് അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന രണ്ട് ചെരുപ്പുകള്‍ പൊലീസ് കണ്ടെത്തി. സിമന്റില്‍ പുതഞ്ഞതും അന്യസംസ്ഥാനക്കാര്‍ ഉപയോഗിക്കുന്നതുമാണെന്ന് കണ്ടെത്തി. ഇതിലെ രക്തക്കറയില്‍നിന്നു സാമ്ബിളുകള്‍ ശേഖരിച്ചു.

മെയ് മൂന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പെരുമ്ബാവൂരിലെത്തി. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

മെയ് നാല് പെരുമ്ബാവൂര്‍ ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ പ്രതിഷേധം. ലാത്തിച്ചാര്‍ജ്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയെന്ന് ആക്ഷേപം.

മെയ് അഞ്ച് പ്രതിയെ പിടിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രാപ്പകല്‍സമരം തുടങ്ങി. അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണചുമതല ആലുവ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോന്. പൊലീസിന് ഗുരുതര വീഴ്ച വന്നതായി ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത് കൊലക്കുറ്റം മാത്രം ചുമത്തി.

മെയ് ആറ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. രാപ്പകല്‍സമരം ഉദ്ഘാടനംചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികളിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു. ആസൂത്രിത കൊലപാതകമെന്ന് അന്നത്തെ എഡിജിപി പത്മകുമാര്‍.

മെയ് ഏഴ് മൂന്നു വീട്ടമ്മമാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ അവ്യക്തമായ രേഖാചിത്രം തയ്യാറാക്കി

മെയ് എട്ട് സിപിഐ എം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി പെരുമ്ബാവൂര്‍ ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കണ്ടു. എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരത്തില്‍ സംസാരിച്ചു.

മെയ് 15 ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം ഉന്നയിച്ചു.

മെയ് 17 തെളിവ് സംരക്ഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് പൊലീസ് കംപ്‌ളയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍.

മെയ് 25 ജിഷ വധക്കേസ് അന്വേഷണം എല്‍ഡിഎഫ് സര്‍ക്കാര്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിട്ടു.

മെയ് 26 എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘം ചുമതലയേറ്റു. എസ്പിമാരായ പി എന്‍ ഉണ്ണിരാജനും പി കെ മധുവും സംഘത്തില്‍.

ജൂണ്‍ രണ്ട് പ്രതിയുടേതെന്നു സംശയിക്കുന്ന കളര്‍ രേഖാചിത്രം അന്വേഷണസംഘം പുറത്തുവിട്ടു.

ജൂണ്‍ നാല് ജിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തി.

ജൂണ്‍ ആറ് ജിഷയുടെ ഫോണില്‍ സേവ്‌ചെയ്ത നമ്ബറിന്റെ ഉടമകളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

ജൂണ്‍ ഏഴ് പൊതുജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പെരുമ്ബാവൂര്‍ ടൌെണില്‍ മൂന്ന് ബോക്‌സ് സ്ഥാപിച്ചു.

ജൂണ്‍ എട്ട് പൊലീസ് കുപ്രസിദ്ധ ഗുണ്ടയായ വീരപ്പന്‍ സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

ജൂണ്‍ ഒമ്ബത് പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ജൂണ്‍ 10 ജിഷയെന്ന് കരുതുന്ന യുവതിയും രേഖാചിത്രത്തിലേതെന്നു കരുതുന്ന യുവാവും ജിഷയുടെ വീട്ടിലേക്കുള്ള റോഡിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള വളക്കടയിലെ സിസി ടിവി ക്യാമറിയില്‍നിന്ന് ലഭിച്ചു.

ജൂണ്‍ 11 വീടിന്റെ പരിസരത്തുനിന്നു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തി.

ജൂണ്‍ 12 കുറുപ്പംപടിയിലെ ചെരുപ്പുകടയുടമ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി.

ജൂണ്‍ 16 പ്രതിയായ അസം സ്വദേശി അമിനുല്‍ ഇസ്‌ളാം പിടിയിലായി.

സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2016 നവംബര്‍ 2 തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. 923 ചോദ്യങ്ങള്‍ക്ക് രണ്ടു ദിവസംകൊണ്ടാണ് കോടതി വിശദീകരണം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *