ജിഷാവധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം, അതിക്രൂരമായ കൊലപാതകം, നിര്‍ഭയ സംഭവത്തിന് തുല്യമായ കേസെന്നും കോടതി

കൊച്ചി: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷാവധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും അതിക്രൂരമായ കൊലപാതകമെന്നും കോടതി വിശേഷിപ്പിച്ചു. സംഭവം നടന്ന് 19 മാസത്തിന് ശേഷമാണ് ജിഷക്ക് നീതി കിട്ടിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡെല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് തുല്യമായ കേസെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

അതേസമയം വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം പറഞ്ഞു. 2016 ഏപ്രില്‍ 28 നായിരുന്നു ജിഷ മൃഗീയമായി കൊല്ലപ്പെട്ടത്. ഐപിസി 302 വകുപ്പ് പ്രകാരമാണ് വധശിക്ഷ. 376 പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിനതടവും 25,000 രുപ പിഴയും. 376 പകാരം ബലാത്സംഗത്തിന് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു.

ഐപിസി 449 ; വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴു വര്‍ഷം തടവും ഐപിസി 342 പകാരം അന്യായമായി തടഞ്ഞു വെച്ചതിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും നല്‍കി. കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞിട്ടുണ്ട്.

410 പേജുകളുള്ള വിധി പ്രസ്താവമാണ് കോടതി നടത്തിയത്. എല്ലാവര്‍ക്കും പാഠമാകുന്ന ശിക്ഷയുണ്ടാകണമെന്നും ഒരു സ്ത്രീയ്ക്കും ഇനി ഈ ഗതി ഉണ്ടാകാതിരിക്കാനായി മാതൃകാപരമായി മാറണമെന്നും കോടതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ പൊതുവികാരം ഉയര്‍ത്തിക്കൊണ്ടു വരാനും വരും കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബഹുമാനം കിട്ടുന്ന രീതിയില്‍ സമൂഹം മാറി ചിന്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും വിധിന്യായത്തില്‍ കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *