ട്രംപിന്റെ ജറൂസലേം പ്രഖ്യാപനം: മുസ്‌ലിംലീഗ് ദേശവ്യാപകമായി 22ന് പ്രതിഷേധ ദിനം ആചരിക്കും പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ലോക വ്യാപകമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഈ മാസം 22 ന് ദേശവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാന്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

ട്രംപിന്റെ നയം ലോക സമാധാനത്തിന് ഭീഷണിയാണെന്നും, ഭീകര പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടാന്‍ അത് വഴിയൊരുക്കുമെന്നും സെക്രട്ടറിയേറ്റ് യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യാപ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു.

ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഫലസ്തീനുമേല്‍ അറബികളും ജൂതന്മാരും തമ്മിലുള്ള തര്‍ക്കത്തിന് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ളതാണ്. 1948ല്‍ അറബ് വികാരത്തെ പരിപൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഏകപക്ഷീയമായി ഇസ്രാഈല്‍ എന്ന രാഷ്ട്ര പിറവിയിലേക്ക് എത്തിക്കുകയായിരുന്നു. യു.എന്‍ ഒത്തു തീര്‍പ്പു പ്രകാരം ഫലസ്തീനിനെ അറബികള്‍ക്കും ജൂതന്മാര്‍ക്കുമായി രണ്ടായി വിഭജിക്കാനും ജറൂസലേമിനെ ഇരു രാഷ്ട്രങ്ങളിലും പെടുത്താതെ യു.എന്നിന് കീഴില്‍ നിലനിര്‍ത്താനുമായിരുന്നു തീരുമാനം. എന്നാല്‍ അത് കാറ്റില്‍പറത്തി, അന്താരാഷ്ട്രാ എതിര്‍പ്പുകളെ വകവെക്കാതെ ജറൂസലേം ഇസ്രാഈല്‍ പിടിച്ചടക്കുകയായിരുന്നു.

ജറുസലേം പിടിച്ചെടുത്ത നടപടി യു.എന്‍ പോലും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം നില നില്‍ക്കെ അനധികൃതമായി പിടിച്ചടക്കിയ ജറുസലേമിനെ തന്നെ ഇസ്രാഈല്‍ തലസ്ഥാനമായി അമേരിക്ക നിശ്ചയിക്കുന്നത് ലോകത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്. അമേരിക്ക ഇസ്രാഈലിനെ വഴിവിട്ട് സഹായിച്ചു പോന്നിരുന്നെങ്കിലും ജറൂസലേം തലസ്ഥാനമായി കിട്ടണമെന്ന ആവശ്യം അംഗീകരിച്ചു പ്രഖ്യാപനം നടത്താന്‍ ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ തയ്യാറായിരുന്നില്ല.

ഇപ്പോള്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഇതില്‍ ഒപ്പ്‌വെച്ച് ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.എസ് പോലുള്ള ഭീകര പ്രസ്ഥാനക്കാര്‍ക്ക് തങ്ങളുടെ പോരാട്ടത്തിന് വീര്യം കൂട്ടാന്‍ പ്രചോദിതമാകുന്ന ഈ ഭ്രാന്തന്‍ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര സമൂഹം മുന്നോട്ട്‌വരേണ്ടതുണ്ട്. എന്നും എക്കാലത്തും ഫലസ്തീനോടൊപ്പം നിലനിന്ന ഇന്ത്യ സുവ്യക്തമായ നമ്മുടെ പാരമ്പര്യ നിലപാട് ലോകത്തിന് മുന്നില്‍ വിളിച്ച് പറയേണ്ടതുണ്ട് യോഗം ആവശ്യപ്പെട്ടു.

മുസ്‌ലിംലീഗ് ദേശീയ സമിതി 27നും 28നും ഡല്‍ഹിയില്‍
മലപ്പുറം: ഗുജറാത്ത് തെരഞ്ഞെടുപ്പിനു ശേഷമുള്ള രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുസ്‌ലിംലീഗ് നാഷണല്‍ കമ്മിറ്റി ഈ മാസം 27നും 28നും ഡല്‍ഹിയില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *