കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യം മുഖ്യപ്രതി ദിലീപിനെ കാണിച്ചില്ല. നടിയെ ആക്രമിച്ച സംഭവത്തിന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന് ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അങ്കമാലി കോടതിയിലെത്തിയതായിരുന്നു നടന്.
എന്നാല്‍, നടിയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നതിനാല്‍ ഇവ കാണിച്ചില്ല. അങ്കമാലി കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയ ദിലീപ് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ രേഖകള്‍ പരിശോധിച്ച് മടങ്ങി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായതിനാലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ പുറത്താകുമെന്നതിനലുമാണ് പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടി ആക്രമിക്കപ്പെട്ടത്. ഇതിനുശേഷം പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നടന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതുപ്രകാരമാണ് ആക്രമണമെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു. ദിലീപിന്റെ അറസ്റ്റും മറ്റും വന്‍ വിവാദമാകുകയും ചെയ്തു. അടുത്തിടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകകൂടി ചെയ്തതോടെ വിചാരണ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
