സഹപാഠിയെ പ്രണയിച്ച പതിനേഴുകാരിയെ വെടിവെച്ചശേഷം ചുട്ടുകൊലപ്പെടുത്തി

ജയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. രാജസ്ഥാനിലെ ദോല്‍പുര്‍ ജില്ലയിലെ രഘുവീര്‍പുര ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

സഹപാഠിയുമായുള്ള പ്രണയത്തില്‍നിന്ന് പിന്മാറാത്തതിനെത്തുടര്‍ന്ന് അച്ഛനും അമ്മാവനും അമ്മായിയും ചേര്‍ന്ന് പതിനേഴുകാരിയെ വെടിവച്ചശേഷം ചുട്ടുകൊലപ്പെടുത്തി. സര്‍ മതുരയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയും സഹപാഠിയും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപോയി. ബന്ധത്തില്‍നിന്ന് പിന്മാറില്ലെന്ന് ഉറപ്പായതോടെ ഇറങ്ങിപോയ പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് ഡിസംബര്‍ പത്തിന് അച്ഛനും അമ്മയും അമ്മായിയും ചേര്‍ന്ന് പെണ്‍കുട്ടിയെ വെടിവച്ചശേഷം സമീപത്തെ ശ്മശാനത്തില്‍ കൊണ്ടുപോയി ചുട്ടുകൊലപ്പെടുത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ബനായ് സിങ്, അമ്മാവന്‍ ഉദയ് സിങ്, അമ്മായി ഗീതാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബനായ് സിങ്ങിനെയും ഉദയ്‌സിങ്ങിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഗീതാദേവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

കൊലപാതകത്തില്‍ കുടുംബത്തിലെ മറ്റ് നാലുപേര്‍ക്കുകൂടി പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *