അജ്മാന്: അജ്മാനിലും പരിസര പ്രദേശങ്ങളിലും വാഹനമോഷണം നടത്തിയിരുന്ന നാലംഗ സംഘത്തെ അജ്മാന് സിഐഡി സംഘം പിടികൂടി. അഞ്ചു കാറുകളും രണ്ടു മോട്ടോര്‍ബൈക്കുകളുമാണ് സംഘം മോഷ്ടിച്ചതെന്ന് അജ്മാന് പൊലീസ് പറഞ്ഞു. നാലു പേരും അറബ് പൗരന്മാരാണ്. കാറുകളും ബൈക്കുകളും വ്യാപകമായി മോഷണം പോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായതെന്ന് അജ്മാന് പൊലീസ് സിഐഡി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ മുഹമ്മദ് യഫൂര്‍ അല്‍ ഗാഫ്ലി പറഞ്ഞു.
വീടുകളിലും പാര്‍ക്കിങ് ഏരിയകളിലും നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് സംഘം മോഷ്ടിച്ചിരുന്നത്. തുടര്‍ച്ചയായ നീക്കങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രണ്ടുപേരെകൂടി പിടികൂടുകയായിരുന്നു.
മോഷ്ടിക്കുന്ന വാഹനങ്ങള്‍ വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോയി വിവിധ ഭാഗങ്ങളാക്കി പൊളിച്ചു വില്‍ക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. മോഷ്ടിച്ച വാഹനങ്ങളിലായിരുന്നു സംഘം യാത്രചെയ്തിരുന്നതും. കണ്ടെത്തിയ വാഹനങ്ങള്‍ ഉടന്‍ തന്നെ ഉടമകള്‍ക്ക് തിരികെ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
അസ്വാഭാവികമായി എന്തെങ്കിലും നീക്കങ്ങള്‍ കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കാനും ഒഴിഞ്ഞ പ്രദേശങ്ങളിലും വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും അജ്മാന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
